ജയ്പുര്‍: ആവേശപ്പോരില്‍ രാജസ്ഥാന് റോയല്‍സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ്. രാജസ്ഥാന് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി അവസാന പന്തിലാണ് ഹൈദരാബാദ് മറികടന്നത്.
സന്ദീപ് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ ജയിക്കാനാവശ്യമായ 17 റണ്‍സ് അടിച്ചെടുത്ത അബ്ദുള്‍ സമദാണ് ഹൈദരാബാദിന് ആവേശജയം സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കേ സമദിന്റെ സിക്സറിനുള്ള ശ്രമം ലോങ് ഓഫില്‍ ജോസ് ബട്ട്ലറുടെ കൈയില്‍ ഒതുങ്ങിയെങ്കിലും ആ പന്ത് നോബോളായതോടെ രാജസ്ഥാന് മത്സരം കൈവിടുകയായിരുന്നു. തൊട്ടടുത്ത പന്ത് സിക്സറിന് തൂക്കി സമദ് ഹൈദരാബാദിന്റെ ജയം കുറിച്ചു. ഏഴ് പന്തുകള്‍ നേരിട്ട സമദ് 17 റണ്‍സുമായി പുറത്താകാതെ നിന്നു. രാജസ്ഥാന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്.
അര്‍ധ സെഞ്ചുറി നേടിയ ജോസ് ബട്ലര് (95), നായകൻ സഞ്ജു സാംസണ് (66*) എന്നിവരുടെ കരുത്തിലാണ് റോയല്‍സ് തേരോട്ടം നടത്തിയത്. സണ്‍റൈസേഴ്സ് ബൗളര്‍മാരെ തലങ്ങും വിലങ്ങുമിട്ട് ബട്ലര് – സഞ്ജു സഖ്യം അടിച്ചൊതുക്കി. ഇരുവരുടെയും മികവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് രാജസ്ഥാൻ കുറിച്ചത്. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാറും മാര്‍ക്കോ യാൻസനും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
രാജസ്ഥാന് ഉയര്‍ത്തിയ 215 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഹൈദരാബാദിനായി അന്മോല്പ്രീത് സിങ് – അഭിഷേക് ശര്‍മ ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. 35 പന്തില്‍ നിന്ന് 51 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 25 പന്തില്‍ നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 33 റണ്‍സെടുത്ത അന്‍മോല്‍പ്രീതിനെ പുറത്താക്കി യുസ്വേന്ദ്ര ചാഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ രണ്ടാം വിക്കറ്റില്‍ രാഹുല്‍ ത്രിപാഠിയെ കൂട്ടുപിടിച്ച് അഭിഷേക് തകര്‍ത്തടിച്ചു. 65 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഹൈദരാബാദ് സ്കോറിലേക്ക് ചേര്‍ത്തത്. 34 പന്തില്‍ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 55 റണ്‍സെടുത്ത അഭിഷേകിനെ പുറത്താക്കി ആര്. അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
തുടര്‍ന്നെത്തിയ ഹെന്റിച്ച് ക്ലാസനും തകര്‍ത്തടിച്ചതോടെ ഹൈദരാബാദ് ജയപ്രതീക്ഷയിലായിരുന്നു. 12 പന്തില്‍ നിന്ന് 26 റണ്‍സായിരുന്നു ക്ലാസന്റെ സംഭാവന. ക്ലാസന് പിന്നാലെ 29 പന്തില്‍ മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 47 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയും ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രവും (6) പുറത്തായതോടെ ഹൈദരാബാദ് ജയം കൈവിട്ടെന്ന് തോന്നിച്ചു. എന്നാല്‍ ആറാമനായി എത്തി വെറും ഏഴ് പന്തില്‍ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 25 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സാണ് ഹൈദരാബാദിനെ വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. പിന്നാലെ അബ്ദുള്‍ സമദിന്റെ ഇന്നിങ്സ് അവര്‍ക്ക് ജയമൊരുക്കുകയും ചെയ്തു.
രാജസ്ഥാന് വേണ്ടി ചാഹല്‍ നാല് വിക്കറ്റ് വീഴ്ത്തി.