തിരുവനന്തപുരം: ബോട്ട് അപകടം ഉണ്ടായ താനൂരിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി താനൂരിലേക്ക് തിരിക്കും. താനൂർ ബോട്ട് അപകടത്തിൽ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.
മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്മാൻ എന്നിവരെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും മുഖ്യമന്ത്രി നിയോഗിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ അടിയന്തര പ്രാധാന്യം അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനാണെന്നും സാധ്യമായ എല്ലാ വിധത്തിലും പ്രവര്‍ത്തിക്കുമെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
രാത്രിയായതിനാല്‍ വെളിച്ചക്കുറവുണ്ട്. അതും പരിഹരിക്കണം. ഡിഎംഒയുമായും ബന്ധപ്പെട്ടിട്ടുണ്ട്. വിനോദസഞ്ചാരത്തില്‍ എന്തെങ്കിലും പാകപ്പിഴകളുണ്ടോയെന്ന് പിന്നീടാകും പരിശോധിക്കുക. ഇപ്പോള്‍ അപകടത്തില്‍പ്പെട്ടവരെ എല്ലാവരെയും പുറത്തെത്തിക്കാനാണ് പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. മൂപ്പതിലധികം പേർ സഞ്ചരിച്ചിരുന്ന ബോട്ട് തലകീഴായി മറിയുകയായിരുന്നു. കരയിൽനിന്നും 300 മീറ്റർ അകലെയാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനത്തിനായി മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.
















