അഹമ്മദാബാദ്: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് 56 റണ്‍സ് ജയം. വൃദ്ധിമാൻ സാഹ(81), ശുഭ്മാൻ ഗിൽ(94*) എന്നിവരുടെ കരുത്തിൽ ഗുജറാത്ത് ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗവിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് 16 പോയന്റുമായി ഗുജറാത്ത് ഒന്നാം സ്ഥാനം ഉറപ്പിച്ചുനിര്‍ത്തി.
മറുപടി ബാറ്റിങ്ങിൽ ക്വിന്റൻ ഡി കോക്കും കൈൽ മേയർസും ചേർന്ന് ലക്നൗവിന് മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീടു വന്ന ബാറ്റർമാർക്ക് അതു മുതലെടുക്കാൻ സാധിച്ചില്ല. ഐപിഎല്‍ സീസണിൽ ആദ്യ മത്സരം കളിക്കുന്ന ഡി കോക്ക് 41 പന്തുകളിൽനിന്ന് 70 റൺസെടുത്തു പുറത്തായി. ഓപ്പണിങ് വിക്കറ്റിൽ 88 റൺസാണ് ലക്നൗ താരങ്ങൾ കൂട്ടിച്ചേര്‍ത്തത്.
മേയർസ് 32 പന്തിൽ 48 റൺസുമായി മടങ്ങി. മോഹിത് ശർമയുടെ പന്തിൽ റാഷിദ് ഖാന്റെ ക്യാച്ചിലാണ് മേയർസിന്റെ പുറത്താകൽ. മധ്യനിര താരങ്ങൾക്കു തിളങ്ങാനാകാതെ പോയത് ലക്നൗവിനു തിരിച്ചടിയായി. ദീപക് ഹൂഡ (11 പന്തിൽ 11), മാർകസ് സ്റ്റോയ്നിസ് (ഒൻപതു പന്തിൽ നാല്), നിക്കോളാസ് പുരാൻ (ആറ് പന്തിൽ മൂന്ന്) എന്നിവർ ഗുജറാത്തിന്റെ വമ്പൻ വിജയ ലക്ഷ്യത്തിനു മുന്നിൽ പൊരുതാതെ മടങ്ങി.
ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ആയുഷ് ബദോനി 11 പന്തിൽ 21 റൺസെടുത്തു. മോഹിത് ശർമയുടെ പന്തിൽ നൂർ അഹമ്മദ് ക്യാച്ചെടുത്താണ് ബദോനിയെ പുറത്താക്കിയത്. ലക്നൗ ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യ നേരിട്ട ആദ്യ പന്തിൽ മടങ്ങി.
മുഹമ്മദ് ഷമി, റാഷിദ് ഖാന്, നൂർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനായി ഗിൽ – സാഹ ഓപ്പണിംഗ് സഖ്യം വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. 43 പന്തിൽ 10 ഫോറുകളും നാല് സിക്സും പായിച്ച ശേഷം ടീം സ്കോർ 142-ൽ നിൽക്കെയാണ് സാഹ മടങ്ങിയത്. നായകൻ പാണ്ഡ്യക്കൊപ്പം(25) സ്കോർ ഉയർത്തിയ ഗിൽ ഏഴ് സിക്സും രണ്ട് ഫോറുമായി അപരാജിതനായി നിന്നു. ഡേവിഡ് മില്ലര്‍ 12 പന്തില്‍ നിന്ന് 21 റണ്‍സുമായി പുറത്താകാതെ നിന്നു.