ന്യൂഡല്‍ഹി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകര്‍ത്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ ജയം. ആര്‍സിബി ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം 16.4 ഓവറില്‍ ഡല്‍ഹി മറികടന്നു.
തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത ഫിലിപ്പ് സാള്‍ട്ടിന്റെ ഇന്നിങ്സാണ് ഡല്‍ഹിയുടെ ജയം എളുപ്പമാക്കിയത്. 45 പന്തുകള്‍ നേരിട്ട താരം എട്ട് ഫോറും ആറ് സിക്സും പറത്തി 87 റണ്‍സെടുത്തു.
പവർപ്ളേയിൽ തകർത്തടിച്ച ഡൽഹി ആദ്യ ആറ് ഓവറുകളിൽ നേടിയത് 70 റണ്ണുകൾ. 14 പന്തിൽ നിന്നും 22 റണ്ണുകൾ എടുത്ത് വാർണർ പുറത്തായി. എന്നാൽ, പകരമെത്തിയ മിച്ചൽ മാർഷും (17 പന്തിൽ 26) തുടർന്ന് എത്തിയ റിലേ റോസ്സോയുവും ( 22 പന്തിൽ 35 ) സാൾട്ടിന് പിന്തുണ നൽകിയപ്പോൾ ഇന്നിങ്സിന്റെ വേഗത കൂടി. പതിനാറാം ഓവറിൽ കരൺ ശർമ്മ സൽട്ടിന്റെ വിക്കറ്റ് എടുത്തെങ്കിലും വൈകിയിരുന്നു. സൽട്ടിന്റെ വിക്കറ്റ് നഷ്ടപ്പെടുമ്പോൾ പത്ത് റൺസ് മാത്രം അകലെയായിരുന്നു ഡൽഹിക്ക് വിജയലക്ഷ്യം. പിന്നീട് എത്തിയ അക്സർ പട്ടേൽ 3 പന്തിൽ നിന്ന് ഒരു സിക്സ് അടക്കം 8 റൺസ് നേടി. 22 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത റൂസ്സോ പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തിരുന്നു. വിരാട് കോലി, ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി, മഹിപാല്‍ ലോംറോര്‍ എന്നിവരുടെ ഇന്നിങ്സുകളാണ് ബാംഗ്ലൂരിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
29 പന്തില്‍ നിന്ന് മൂന്ന് സിക്സും ആറ് ഫോറുമടക്കം 54 റണ്‍സോടെ പുറത്താകാതെ നിന്ന ലോംറോറാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറര്‍. സീസണിലെ ആറാം അര്‍ധ സെഞ്ചുറി കണ്ടെത്തിയ കോലി 46 പന്തില്‍ നിന്ന് അഞ്ച് ഫോറടക്കം 55 റണ്‍സെടുത്തു. ഇതിനിടെ ഐപിഎല്ലില്‍ 7000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ താരമെന്ന നേട്ടവും കോലി സ്വന്തമാക്കി. 32 പന്തുകള്‍ നേരിട്ട ഡുപ്ലെസി ഒരു സിക്സും അഞ്ച് ഫോറുമടക്കം 45 റണ്‍സ് നേടി.