ചെന്നൈ: ഐപിഎലിലെ ‘എൽ ക്ലാസിക്കോ’ എന്ന് വിശേഷിപ്പിക്കുന്ന മുംബൈ- ചെന്നൈ മത്സരത്തില്‍ ചെന്നൈ സൂപ്പർ കിങ്സിന് വിജയം. ആദ്യം ബാറ്റു ചെയ്ത മുംബൈ ഉയർത്തിയ 140 റൺസ് വിജയലക്ഷ്യം 17.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ മറികടന്നു. സൂപ്പര്‍ കിംഗ്സിനായി ഡെവോണ്‍ കോണ്‍വെ (42 പന്തില്‍ 44) മുന്നില്‍ നിന്ന് പട നയിച്ചു.
ചെപ്പോക്കിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് നിശ്ചിത ഓവറിൽ 139 റൺസാണ് എടുക്കാനായത്. മുൻനിര ബാറ്റർമാരെല്ലാം ഉത്തരവാദിത്തം മറന്ന് ഒന്നൊന്നായി കൂടാരം കയറിയപ്പോൾ അർധസെഞ്ച്വറിയുമായി യുവതാരം നേഹാൽ വധേര(64)യാണ് സന്ദർശകരെ രക്ഷിച്ചത്.
പവർപ്ലേയിൽ തന്നെ കാമറോൺ ഗ്രീൻ, ഇഷൻ കിഷൻ, രോഹിത് ശർമ എന്നിങ്ങനെ മൂന്ന് മുൻനിര ബാറ്റർമാരെ തുഷാർ ദേശ്പാണ്ഡെയും ദീപക് ചഹാറും ചേർന്ന് കൂടാരം കയറ്റുകയായിരുന്നു. തുടർച്ചയായി രണ്ടാം മത്സരത്തിലും സംപൂജ്യനായി രോഹിത് ശർമ ഐ.പി.എല്ലിലെ ഏറ്റവും കൂടുതൽ ‘ഡക്ക്’ റെക്കോർഡ് എന്ന നാണക്കേട് സ്വന്തം പേരിൽ കുറിച്ച മത്സരം കൂടിയായി ഇത്.
14–3 എന്ന നിലയിൽ തകർന്നു നിന്ന മുംബൈയെ നെഹാൽ വധേരയും സൂര്യകുമാർ യാദവും ചേർന്ന് കൈപിടിച്ച് ഉയർത്താൻ തുടങ്ങി. എന്നാൽ സ്കോർ 69ൽ നിൽക്കെ സൂര്യകുമാർ യാദവി( 22 പന്തിൽ 26) നെ രവീന്ദ്ര ജഡേജ പുറത്താക്കിയതോടെ മുംബൈ വീണ്ടും പരുങ്ങി. പിന്നീടെത്തിയ ട്രിസ്റ്റൻ സ്റ്റബ്സു( 21 പന്തിൽ 20) മായി ചേർന്ന് നെഹാൽ സ്കോർ 100 കടത്തി. എന്നാൽ സ്കോർ 123ൽ നിൽക്കെ നെഹാൽ പുറത്തായി. തുടർന്ന് 16 റൺസ് സ്കോർ ബോർഡിൽ ചേർക്കുന്നതിനിടെ മുംബൈയുടെ നാലു വിക്കറ്റുകളാണ് വീണത്.
ചെന്നൈയ്ക്കായി മതീഷ പതിറാണ മൂന്നു വിക്കറ്റും ദീപക് ചഹർ, തുഷാർ ദേശ്പാണ്ഡെ എന്നിവർ രണ്ടു വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ, ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ് (16 പന്തിൽ 30), ഡെവൺ കോൺവേ (42 പന്തിൽ 44) എന്നിവർ ചേർന്നു മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് നൽകിയത്. പവർപ്ലേ ഓവറിനുള്ളിൽ തന്നെ ഋതുരാജ് പുറത്തായെങ്കിലും ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 46 റൺസ് കൂട്ടിച്ചേർത്തു. അഞ്ചാം ഓവറിൽ പീയൂഷ് ചൗളയാണ് ഋതുരാജിനെ പുറത്താക്കിയത്.
പിന്നീട് എത്തിയ അജിൻക്യ രഹാനെയയും (16 പന്തില്‍ 21) ചൗള തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കി. വലിയ വിജയ ലക്ഷ്യം മുന്നില്‍ ഇല്ലാത്തതിനാല്‍ ഒരുഘട്ടത്തിലും ചെന്നൈക്ക് പതറേണ്ടി വന്നില്ല.
സിംഗിളുകളും ഡബിളുകളുമായി സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് വന്നുകൊണ്ടേയിരുന്നു. ഇംപാക്ട് പ്ലെയറായി എത്തിയ അമ്പാട്ടി റായിഡു ഒരു സിക്സ് പറത്തിയെങ്കിലും തൊട്ടടുത്ത പന്തില്‍ സ്റ്റബ്സിന് വിക്കറ്റ് സമ്മാനിച്ചു. ശിവം ദുബൈ ക്രീസിലെത്തിയതോടെ മുംബൈയുടെ ആകെയുള്ള പ്രതീക്ഷകളും തീര്‍ന്നു. കോണ്‍വയെ ആകാശ് കുരുക്കിയെങ്കിലും അപ്പോഴേക്കും കാര്യങ്ങള്‍ മുംബൈയില്‍ നിന്ന് കൈവിട്ടു പോയിരുന്നു. ആരവങ്ങള്‍ക്ക് നടുവിലേക്ക് ഇതോടെ ധോണി എത്തി. മുംബൈയെ നിരാശപ്പെടുത്തി വിജയ റണ്‍ കുറിക്കാനും ധോണിക്ക് സാധിച്ചു.
മുംബൈയ്ക്കായി പീയൂഷ് ചൗള രണ്ടു വിക്കറ്റും ട്രിസ്റ്റൻ സ്റ്റബ്സ്, ആകാശ് മധ്വാൾ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.