പാരിസ്: ക്ലബിനെ അറിയിക്കാതെ സൗദി അറേബ്യയിലേക്ക് പോയ സംഭവത്തിൽ മാപ്പുപറഞ്ഞ് സൂപ്പർ താരം ലയണൽ മെസി. പി.എസ്.ജി സസ്‌പെൻഡ് ചെയ്തതിനു പിന്നാലെയാണ് താരത്തിന്റെ ക്ഷമാപണം. സൗദിയാത്ര മുൻകൂട്ടി തീരുമാനിച്ചതായിരുന്നുവെന്നും ഒഴിവാക്കാൻ പറ്റുമായിരുന്നില്ലെന്നും താരം വ്യക്തമാക്കി.
ക്ലബിനെ അറിയിക്കാതെയുള്ള സൗദി സന്ദര്‍ശനത്തിന് പിന്നാലെ വിലക്ക് നേരിട്ടതോടെയാണ് മെസിയുടെ ക്ഷമാപണം. ‘ഞാനൊരു യാത്ര പദ്ധതിയിട്ടിരുന്നു, അത് ഒഴിവാക്കാനായില്ല, കാരണം നേരത്തെ ഒരുവട്ടം ഒഴിവാക്കിയ പരിപാടിയാണത്. ക്ലബിനോടും സഹതാരങ്ങളോടും ക്ഷമ ചോദിക്കുന്നു’ എന്നുമാണ് ലിയോണല്‍ മെസി സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്.
സഹതാരങ്ങളോട് മാപ്പുചോദിക്കുകയാണെന്നും മെസി പറഞ്ഞു. ടീം എന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിയാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
അനുമതിയില്ലാതെ സൗദി അറേബ്യ സന്ദര്‍ശനത്തിന് പോയെന്നതിന്‍റെ പേരില്‍ പിഎസ്‌ജി രണ്ടാഴ്‌ചത്തേക്ക് സസ്പെന്‍ഡ് ചെയ്‌ത ലിയോണല്‍ മെസി ക്ലബുമായുള്ള കരാര്‍ റദ്ദ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സൗദി ക്ലബായ അല്‍ ഹിലാലിലേക്കാവും മെസി പോകുകയെന്നായിരുന്നു റിപ്പോര്‍ട്ട്. പഴയ ക്ലബായ ബാഴ്‌സലോണ അവരുടെ ഇതിഹാസ താരമായ മെസിയെ സ്വീകരിക്കാന്‍ തയാറാണെങ്കിലും സ്‌പാനിഷ് ലാ ലിഗയിലെ സാമ്പത്തിക നടപടിക്രമങ്ങള്‍ മെസിയുടെ തിരിച്ചുവരവിന് തടസമാകുമെന്ന സൂചനകളും പുറത്തുവന്നിരുന്നു.
മേയ് മൂന്നിനാണ് പി.എസ്.ജിയുടെ അനുമതി ചോദിക്കാതെ ലയണൽ മെസി സൗദി സന്ദർശിച്ചത്. ലോറിയന്റിനെതിരെ നടന്ന മത്സരത്തിൽ 3-1ന് പി.എസ്.ജിയുടെ പരാജയത്തിനു പിന്നാലെയായിരുന്നു മെസിയുടെ സൗദിയാത്ര. സസ്‌പെൻഷൻ കാലയളവിൽ മെസിക്ക് ടീമിനായി കളിക്കാനും പരിശീലനത്തിനും വിലക്കുണ്ട്. പ്രതിഫലവും ലഭിക്കില്ലെന്ന് പി.എസ്.ജി അറിയിച്ചിരുന്നു.