ചെന്നൈ: പ്രതിഷേധത്തെ തുടര്‍ന്ന് ചെന്നൈയില്‍ ദി കേരള സ്‌റ്റോറി സിനിമയുടെ പ്രദര്‍ശനം നിര്‍ത്തി. ഈസ്റ്റ് കോസ്റ്റ് റോഡിലെ മായാജാല്‍ മാളില്‍ മൂന്ന് ദിവസത്തേക്കാണ് പ്രദര്‍ശനം നിര്‍ത്തിയത്. എസ്ഡിപിഐയുടെ നേതൃത്വത്തിലുണ്ടായ പ്രതിഷേധത്തില്‍ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. കൂടാതെ ചെന്നൈ- പോണ്ടിച്ചേരി റൂട്ടിലെ ഇസിആര്‍ മാളിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദര്‍ശനം നിര്‍ത്തി.
ഇന്ന് 15 സ്ഥലങ്ങളില്‍ കേരള സ്റ്റോറിയുടെ പ്രദര്‍ശനം നടന്നപ്പോള്‍ ഏഴിടങ്ങളില്‍ പ്രതിഷേധമുണ്ടായി. തമിഴ്‌നാട് മുസ്ലിം മുന്നേറ്റ കഴകം, എസ്ഡിപിഐ എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
പ്രതിഷേധവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിലായി 75ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മുസ്ലിം മുന്നേറ്റ കഴകത്തിന്റെ നേതൃത്വത്തിൽ വടപളനിയിലും ടീനഗറിലുമാണ് പ്രതിഷേധമുണ്ടായത്. തീയറ്ററുകള്‍ക്കുള്ളിലേക്ക് കടന്ന പ്രവര്‍ത്തകര്‍ സിനിമയുടെ പോസ്റ്ററുകള്‍ വലിച്ചുകീറി. ഇതില്‍ 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
റോയല്‍പേട്ടയിലുണ്ടായ പ്രതിഷേധത്തില്‍ എക്‌സ്പ്രസ് അവന്യുവിലേക്ക് മാര്‍ച്ചുമായെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളമുണ്ടായി. ചെന്നൈ-പോണ്ടിച്ചേരി റൂട്ടിലെ ഇസിആര്‍ മാളിലാണ് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദര്‍ശനം നിര്‍ത്തിയത്.
കേരളത്തിലും ‘ദി കേരള സ്റ്റോറി’ പ്രദർശനത്തിനെത്തിയ തിയേറ്ററുകളിൽ പ്രതിഷേധം നടന്നു. കൊച്ചിയിലെ തിയേറ്ററിലേക്ക് പ്രതിഷേധവുമായെത്തിയവരെ പൊലീസ് തടഞ്ഞു. എൻ.വൈ.സി പ്രവർത്തകരാണ് തിയറ്ററിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്.
തിയേറ്ററിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തിയ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രവർത്തകരെയും പൊലീസ് തടഞ്ഞു.കോഴിക്കോട്ട് തിയേറ്ററിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രതിഷേധ മാർച്ച് നടത്തി. ഇവിടെയും പ്രവർത്തകരെ പൊലീസ് ബാരിക്കേഡുയർത്തി തടഞ്ഞു.
















