ന്യൂഡൽഹി: ഐപിഎല്ലിനിടെ പരിക്കേറ്റ ലക്നോ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ.രാഹുലിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാകും. ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങളും രാഹുലിന് നഷ്ടമാകും. പരിക്ക് ഗുരുതരമായതിനെ തുടർന്ന് താരത്തിന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെ രാഹുല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെയാണ് രാഹുലിന് തുടയിൽ പരിക്കേറ്റത്. രണ്ടാം ഓവറിൽ പന്തിന് പിറകേ പായുന്നതിനിടെ താരം മൈതാനത്ത് വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ സഘമെത്തി താരത്തേ മൈതാനത്ത് നിന്ന് നീക്കി. പിന്നീട് ലഖ്നൗ ബാറ്റിങ്ങിനിടെ 11ാമനായി താരം ക്രീസിലെത്തിയിരുന്നു. എന്നാല്‍ ടീമിനെ വിജയതീരമണക്കാനായില്ല.
വലതു തുടയിലെ പരിക്കിന് ശസ്ത്രക്രിയ ആവശ്യമാണെന്നും അതിനാല്‍ ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങളിലും ജൂണ്‍ ഏഴിന് ഓവലില്‍ ഓസ്ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കളിക്കാനാകില്ലെന്ന് രാഹുൽ പറഞ്ഞു.
രാഹുലിന് പുറമേ പേസർ ജയദേവ് ഉനദ്ഘട്ടും പരിക്കിനെ തുടർന്ന് ഐ.പി.എല്ലിൽ നിന്ന് പുറത്തായിരുന്നു.