ഹൈദരാബാദ്: ഐപിഎല്ലില്‍ ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. അഞ്ച് റണ്‍സിനായിരുന്നു കൊല്‍ക്കത്തയുടെ ജയം. 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അവസാന ഓവറില്‍ ഒമ്പത് റണ്‍സ് സമര്‍ഥമായി പ്രതിരോധിച്ച സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് കൊല്‍ക്കത്തയ്ക്ക് ജയമൊരുക്കിയത്. സീസണില്‍ കൊല്‍ക്കത്തയുടെ നാലാം ജയമാണിത്.
മറുപടി ബാറ്റിംഗില്‍ സണ്‍റൈസേഴ്സിന്റെ തുടക്കവും മോശമായിരുന്നു. 54 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടമായി. 11 പന്തില്‍ 18 റണ്‍സെടുത്ത മായങ്ക് അഗർവാളിനെ ഹർഷിത് റാണയും 10 പന്തില്‍ 9 നേടിയ അഭിഷേക് ശർമ്മയെ ഷർദ്ദുല്‍ താക്കൂറും പുറത്താക്കി. മികച്ച തുടക്കം കിട്ടിയെങ്കിലും 9 പന്തില്‍ 20 എടുത്ത് നില്‍ക്കേ രാഹുല്‍ ത്രിപാഠി ആന്ദ്രേ റസലിന്റെ പന്തില്‍ പുറത്തായി. ഹാരി ബ്രൂക്ക്(4 പന്തില്‍ 0) ഒരിക്കല്‍ കൂടി വേഗം പുറത്തായി. ക്യാപ്റ്റന്‍ ഏയ്ഡന്‍ മാർക്രമും ഹെന്റിച്ച് ക്ലാസനും ക്രീസില്‍ നില്‍ക്കേ 10 ഓവറില്‍ 75-4 എന്ന സ്കോറിലായിരുന്നു സണ്‍റൈസേഴ്സ്. മാര്‍ക്രം – ഹെന്റിച്ച് ക്ലാസന് സഖ്യം ഹൈദരാബാദിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. ഇരുവരും കൂട്ടിച്ചേര്‍ത്ത 70 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഹൈദരാബാദ് ഇന്നിങ്സിന്റെ നട്ടെല്ല്. 20 പന്തില്‍ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 36 റണ്‍സെടുത്താണ് ക്ലാസന് മടങ്ങിയത്.
പിന്നാലെ 40 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രം 17-ാം ഓവറില്‍ പുറത്തായതോടെ ഹൈദരാബാദ് പതറി. പിന്നാലെ 18 പന്തില്‍ 21 റണ്‍സെടുതത് അബ്ദുള്‍ സമദിനെ അവസാന ഓവറില്‍ വരുണ്‍ ചക്രവര്‍ത്തി മടക്കിയതോടെ ഹൈദരാബാദിന്റെ പോരാട്ടം അവസാനിച്ചു.
കൊല്‍ക്കത്തയ്ക്കായി വൈഭവ് അറോറയും ശാര്‍ദുല്‍ താക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നിതീഷ് റാണയുടേയും റിങ്കു സിങ്ങിന്റേയും മികവിൽ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുക്കുകയായിരുന്നു. നിതീഷ് റാണ 42ഉം റിങ്കു സിങ് 46 ഉം റൺസെടുത്തു.
രണ്ടാം ഓവറിൽ തന്നെ ഓപ്പണർ റഹ്മാനുല്ലാഹ് ഗുർബാസിനെയും വെങ്കിടേഷ് അയ്യറേയും കൊൽക്കത്തക്ക് നഷ്ടമായി. അഞ്ചാം ഓവറിൽ 20 റൺസെടുത്ത ജേസൺ റോയി കാർത്തിക് ത്യാഗിക്ക് വിക്കറ്റ് നൽകി മടങ്ങിയതോടെ പ്രതിരോധത്തിലായ കൊൽക്കത്തയെ റിങ്കു സിങ്ങും നിതീഷ് റാണയും ചേർന്ന് ഭേദപ്പെട്ട സ്കോറിലെത്തിക്കുകയിയരുന്നു. കൊൽക്കത്തക്കായി ആന്ദ്രേ റസൽ 24 റൺസെടുത്ത് പുറത്തായി. ഹൈദരാബാദിനായി മായങ്ക് മാർകണ്ഡേയും മാർകോ ജാൻസെണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.