ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണെതിരെ ജന്തർ മന്ദിറിൽ നടക്കുന്ന സമരത്തിനിടെ ഗുസ്തി താരം ഗീത ഫോഗട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗീത ഫോഗട്ടും ഭർത്താവ് പവൻ സരോഹയുമാണ് ഡൽഹി പൊലീസിന്റെ കസ്റ്റഡിയിലായത്. അതേസമയം, രണ്ട് പേരെയും കരുതല്‍ തടങ്കലിലാക്കിയെന്നാണ് ദില്ലി പൊലീസ് പറയുന്നത്.
ഭര്‍ത്താവുമൊത്ത് ജന്തര്മന്ദരിലേക്ക് പോകുന്നതിനിടെയാണ് ഗീത ഫോഗട്ടിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ കാണാന്‍ അനുവദിക്കാതെ തങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്ന് ഗീത ഫോഗട്ട് പറഞ്ഞു. പൊലീസിന്റെ നടപടിയില്‍ ദുഃഖമുണ്ടെന്നും ഗീത കൂട്ടിച്ചേര്‍ത്തു.
സമരത്തിൽ പങ്കെടുക്കാനെത്തുന്നവരെ പൊലീസ് തടയുകയാണെന്ന വാദങ്ങൾ ശരി വയ്ക്കുന്നതാണ് ഗീത ഫോഗട്ടിനെതിരെയുള്ള നടപടി. തീവ്രവാദികളെ കൈകാര്യം ചെയ്യുന്നത് പോലെയാണ് താരങ്ങളെ പൊലീസ് കൈകാര്യം ചെയ്യുന്നതെന്നാണ് പരക്കെയുള്ള ആരോപണം.
ഇന്നലെ രാത്രി സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കെതിരെ നടപടിയുമായി പൊലീസ് രംഗത്തെത്തിയിരുന്നു. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ സമരപ്പന്തലിലേക്ക് കട്ടിലുകള്‍ എത്തിച്ചത് പൊലീസ് തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായിരുന്നു.