ന്യൂഡൽഹി: പരിക്കേറ്റ ലഖ്നോ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ രാഹുലും ബൗളർ ജയദേവ് ഉനദ്കട്ടും ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായി. പരിക്ക് ഗുരുതരമായതിനാൽ ഇരുവർക്കും ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാവുമെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
രാഹുലിന്റെ പരുക്ക് ഗുരുതരമാണെന്നും മുംബൈയിൽ ബിസിസിഐ മെഡിക്കൽ സംഘം താരത്തെ സ്കാനിങ്ങിനു വിധേയനാക്കുമെന്നുമാണ് റിപ്പോർട്ടുകൾ. അടുത്ത മാസം ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ നടക്കാനിരിക്കെ, പരുക്ക് ഭേദമായാലും രാഹുൽ ഐപിഎലിൽ തുടർന്ന് കളിക്കില്ലെന്നാണ് ബിസിസിഐ നൽകുന്ന സൂചന.
തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഫീൽഡിങ്ങിനിടെ ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയുടെ കവർ ഡ്രൈവ് ബൗണ്ടറി ലൈനിൽ തടുക്കാൻ ശ്രമിക്കുമ്പോഴാണ് രാഹുലിനു പരുക്കേറ്റത്. വലതു തുടയ്ക്കാണു പരുക്ക്.
സ്കാനിങ്ങിനും മറ്റു പരിശോധനകൾക്കും ശേഷം ബി.സി.സി.ഐ മെഡിക്കൽ സംഘം തുടർചികിത്സ തീരുമാനിക്കും. ഞായറാഴ്ച നെറ്റ്സിൽ പരിശീലനത്തിനിടെയാണ് ഉനദ്കട്ടിന് വലത്തേ തോളിന് പരിക്കേറ്റത്.