ന്യൂഡല്‍ഹി: റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷണ് സിംഗിനെതിരെ സമരം തുടരുമെന്നു ഗുസ്തി താരങ്ങൾ. ബ്രിജ് ഭൂഷണ് സിംഗിനെതിരായ ലൈംഗികാരോപണ ഹർജിയിൽ നടപടികൾ അവസാനിപ്പിക്കാനുള്ള സുപ്രീം കോടതി തീരുമാനം തിരിച്ചടിയല്ലെന്നും ഭാവി നടപടികൾ പിന്നീട് തീരുമാനിക്കുമെന്നും താരങ്ങൾ അറിയിച്ചു.
സുപ്രീം കോടതി ഉത്തരവിനെ മാനിക്കുന്നു, എന്നാൽ പ്രതിഷേധം തുടരാനാണ് തീരുമാനമെന്ന് റിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക് പറഞ്ഞു. കോടതി ഉത്തരവ് ഒരു തിരിച്ചടിയല്ല, ഈ വിഷയത്തിൽ കഴിയുന്നത് ചെയ്തു. മുതിർന്ന താരങ്ങളുമായി കൂടിയാലോചിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്നും സാക്ഷി പ്രതികരിച്ചു.
ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെയുളള ലൈംഗിക പീഡന പരാതിയിൽ ഡൽഹി പൊലീസ് ഒന്നും ചെയ്യുന്നില്ലെന്ന ഇരകളായ വനിത ഗുസ്തി താരങ്ങളുടെ പരാതിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. എന്നാൽ പൊലീസ് കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് ഹെെക്കോടതിയെ സമീപിപ്പിക്കാം എന്നും കോടതി അറിയിച്ചു.
ഈ ഹർജിയിൻ മേലുള്ള നടപടി ക്രമങ്ങൾ നിർത്തിവെയ്ക്കുന്നു. ഈ കേസിൽ ഇനി ഗുസ്തി താരങ്ങൾക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അത് മജിസ്ട്രേട്ടിനെയോ ഹെെക്കോടതി ജഡ്ജിയെയോ അറിയിക്കാം എന്നാണ് കോടതി അറിയിച്ചത്.