മൊഹാലി: പഞ്ചാബ് കിംഗ്സിനെ തകര്‍ത്ത് മുംബൈ ഇന്ത്യൻസിന് 6 വിക്കറ്റ് ജയം. പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. മുംബൈക്ക് വേണ്ടി അര്‍ധ സെഞ്ചുറികളുമായി ഇഷാൻ കിഷനും (75) സൂര്യ കുമാര്‍ യാദവും (66) കളം നിറഞ്ഞു.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച തിലക് വര്‍മയും ടിം ഡേവിഡും ചേര്‍ന്നാണ് മുംബൈയെ വിജയതീരമണച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മുംബൈ കൂറ്റന്‍ സ്കോര്‍ പിന്തുടര്ന്ന് ജയിക്കുന്നത്. വിജയത്തോടെ പോയിന്റ് ടേബിളില്‍ മുംബൈ ആറാം സ്ഥാനത്തേക്ക് കയറി.
മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സംപൂജ്യനായി മടങ്ങിയെങ്കിലും പിന്നീടെത്തിയ ബാറ്റര്‍മാരെല്ലാം മുംബൈക്കായി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. കാമറൂണ്‍ ഗ്രീന്‍ പുറത്തായ ശേഷം ക്രീസിലൊന്നിച്ച ഇഷാന് സൂര്യ ജോഡി നാലാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
നേരത്തേ അര്‍ധ സെഞ്ച്വറി നേടി ലിയാം ലിവിങ്സ്റ്റണിന്റെ പ്രകടനത്തിന്റെ മികവിലാണ് പഞ്ചാബ് കിങ്സ് കൂറ്റൻ സ്കോർ പടുത്തുയര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ തുടക്കം പതിഞ്ഞ താളത്തോടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ പ്രഭ്സിമ്രാൻ സിങ്ങിനെ (7 പന്തിൽ 9) അവർക്കു നഷ്ടമായി. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ ശിഖർ ധവാനും (20 പന്തിൽ 30), മാത്യും ഷോർട്ടും (26 പന്തിൽ 27) എന്നിവർ ചേർന്ന് 49 റൺസ് കൂട്ടിച്ചേർത്തെങ്കിലും സ്കോറിങ്ങിനു വേഗത കൈവന്നില്ല. പവർപ്ലേ ഓവർ പൂർത്തിയായപ്പോൾ 50/1 എന്ന നിലയിലായിരുന്നു പഞ്ചാബ്.
എട്ടാം ഓവറിൽ ശിഖർ ധവാനെയും 12–ാം ഓവറിൽ മാത്യു ഷോർട്ടിനെയും പീയൂഷ് ചൗളയാണ് പുറത്താക്കിയത്. ഇതിനുശേഷമാണ് ലിവിങ് ലിവിങ്സ്റ്റനും ജിതേഷ് ശർമയും ഒന്നിച്ചത്. ഇതോടെ പഞ്ചാബ് ഇന്നിങ്സിന്റെ സ്കോറിങ് ടോപ് ഗിയറിലായി. ആദ്യ പത്ത് ഓവറിൽ 78 റൺസ് മാത്രം നേടിയ പഞ്ചാബ്, അവസാന പത്ത് ഓവറിൽ 136 റൺസാണ് അടിച്ചുകൂട്ടിയത്. അവസാന അഞ്ച് ഓവറിൽ മാത്രം 69 റൺസ്. 42 പന്തിൽ നാല് സിക്സും ഏഴു ഫോറും സഹിതമാണ് ലിവിങ്സ്റ്റൻ 82 റൺസെടുത്തത്. ജിതേഷ് ശർമ രണ്ടു സിക്സും അഞ്ചു ഫോറും അടിച്ചു