യുഎഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത; വാഹനം ഓടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

 

അബുദാബി: യുഎഇയില്‍ ശക്തമായ പൊടിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ജാഗ്രതാ  നിര്‍ദേശവുമായി അബുദാബി പൊലീസ്. വാഹനം ഓടിക്കുമ്പോള്‍ ദൂരക്കാഴ്ച തടസ്സപ്പെടാന്‍ സാധ്യത ഏറെയാണെന്ന് അബുദാബി പൊലീസ് ട്വിറ്ററിലൂടെ ഡ്രൈവര്‍മാരെ അറിയിച്ചു.

വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ റോഡില്‍ തന്നെ ശ്രദ്ധ പുലര്‍ത്തണമെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗം പോലെ റോഡില്‍ നിന്ന് ശ്രദ്ധ തെറ്റാന്‍ കാരണമാവുന്ന പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.  

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ക്യാമറകളില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് പോലുള്ള കാര്യങ്ങളും അപകടങ്ങള്‍ ക്ഷണിച്ചവരുത്തും. യുഎഇയില്‍ മണല്‍ക്കാറ്റും പൊടിക്കാറ്റും നിറഞ്ഞ ദിവസങ്ങളാണ് വരാനിരിക്കുന്നതെന്ന് നേരത്തെ തന്നെ ദേശീയ കലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. 

അടുത്ത മൂന്ന് ദിവസം മണിക്കൂറില്‍ 59 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും വ്യാഴാഴ്ച വരെ ദൂരക്കാഴ്ച കാര്യമായി കുറയുമെന്നും ഈ മുന്നറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്.