ന്യൂഡൽഹി: ഇന്ത്യൻ വംശജൻ അജയ് ബാംഗ ലോകബാങ്കിന്റെ അടുത്ത പ്രസിഡന്റ്. ലോകബാങ്ക് അധ്യക്ഷനായി അജയ് ബാംഗയെ എക്സിക്യൂട്ടിവ് ബോർഡ് തെരഞ്ഞെടുത്തു. അഞ്ച് വർഷമാണ് കാലാവധി. ബാംഗ അടുത്ത ജൂൺ രണ്ടിന് ചുമതലയേറ്റെടുക്കും.
അജയ് ബാംഗയോടൊപ്പം പ്രവർത്തിച്ച് മുന്നോട്ടുപോകുമെന്ന് ലോക ബാങ്ക് ബോർഡ് അറിയിച്ചത്. 25 അംഗ എക്സിക്യുട്ടീവ് ബോർഡ് വോട്ടെടുപ്പിലൂടെയാണ് അജയ് ബാംഗയെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുത്തത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബാംഗയെ നാമനിർദേശം ചെയ്തത്. ജനറൽ അറ്റ്ലാന്റിക് വൈസ് ചെയർമാനായ ബാംഗ, മാസ്റ്റർകാർഡ് പ്രസിഡന്റും സിഇഒയും ആയിരുന്നു. നെസ്ലെ, പെപ്സികോ തുടങ്ങിയ കമ്പനികളിൽ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്.
2012-ൽ ഫോറിൻ പോളിസി അസോസിയേഷൻ മെഡൽ, 2016-ൽ ഇന്ത്യൻ പ്രസിഡന്റിന്റെ പത്മശ്രീ അവാർഡ്, എല്ലിസ് ഐലൻഡ് മെഡൽ ഓഫ് ഓണർ, 2019-ൽ ബിസിനസ് കൗൺസിൽ ഫോർ ഇന്റർനാഷണൽ അണ്ടർസ്റ്റാൻഡിംഗിന്റെ ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ് എന്നിവയും ബംഗയ്ക്ക് ലഭിച്ചിട്ടുണ്ട്.