അങ്ങനെ രണ്ടു മാസത്തിനിടയിൽ അമേരിക്കയിൽ നാലാമത്തെ ബാങ്കും പൊട്ടി. അമേരിക്കയിലെ 14-ാമത്തെ ബാങ്കായ ഫസ്റ്റ് റിപ്പബ്ലിക്കൻ ബാങ്കാണ് പൂട്ടിയത്. ആദ്യം തകർന്നത് മാർച്ച് 8-ന് സിൽവർഗേറ്റ് കോർപ്പറേഷൻ എന്ന ബാങ്കായിരുന്നു. മാർച്ച് 10-ന് സിലിക്കൺവാലി ബാങ്ക് തകർന്നതോടെ എല്ലാവരും ആശങ്കയിലായി. മാർച്ച് 12-ന് സിഗ്നേച്ചർ ബാങ്ക് പൊളിഞ്ഞു. മാർച്ച് 18-ന് ക്രഡിറ്റ് സ്വീയിസിൻ്റെ ഊഴമായിരുന്നു. പക്ഷേ അത് യൂറോപ്പിലെ ബാങ്കായിരുന്നു. അമേരിക്കയിലെ മാലപ്പടക്കം അവസാനിച്ചു എന്നാണ് എല്ലാവരും കരുതിയത്.
കാരണം അത്രയ്ക്ക് ശക്തമായ നടപടികളാണ് ഫെഡറൽ റിസർവ് സ്വീകരിച്ചത്. സാധാരണനിലയിൽ രണ്ടര ലക്ഷം ഡോളർവരെയുള്ള ഡെപ്പോസിറ്റുകൾക്കേ സർക്കാർ ഗ്യാരൻ്റിയുള്ളൂ. തകർന്ന ബാങ്കുകളുടെ മുഴുവൻ ഡപ്പോസിറ്റുകളും സർക്കാർ ഏറ്റെടുത്തു. പ്രതിസന്ധിയിലുള്ള ഏത് ബാങ്കിന്റെയും ബോണ്ടുകൾ ഹാജരാക്കിയാൽ മുഖവിലയ്ക്കുള്ള തുകയ്ക്ക് വായ്പ നൽകുമെന്നും പ്രഖ്യാപനമുണ്ടായി. അതുകൊണ്ട് ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ല; ജനങ്ങളുടെ സമ്പാദ്യം സുരക്ഷിതമാണ് എന്ന ഉറപ്പുനൽകാനാണ് സർക്കാർ ശ്രമിച്ചത്. അതോടെ ബാങ്ക് തകർച്ചവ്യാധിക്ക് വിരാമമായി എന്ന് കരുതിയവരെ ഞെട്ടിച്ചുകൊണ്ടാണ് രണ്ടുദിവസം മുമ്പ് ഫസ്റ്റ് റിപ്പബ്ലിക്കൻ ബാങ്ക് പൊളിഞ്ഞത്.
ബാങ്ക് തകർച്ചയുടെ നാൾവഴി എന്ത്?
▪️ അമേരിക്കൻ പലിശനിരക്ക് 0.25 ശതമാനത്തിൽ നിന്ന് 5 ശതമാനമായി ഏതാനും മാസങ്ങൾകൊണ്ട് ഉയർത്തി. വിലക്കയറ്റം തടയാനാണ് ഈ നടപടി. പലിശനിരക്ക് ഉയരുമ്പോൾ വായ്പ എടുത്ത് സാധനങ്ങൾ വാങ്ങുന്നത് കുറയും. നിക്ഷേപം കുറയും. ചെറിയൊരു മാന്ദ്യമുണ്ടാകും. ഇത് വിലയെ പിടിച്ചുകെട്ടും. ഇതാണ് യുക്തി.
▪️ എന്നാൽ വിലക്കയറ്റം ഉണ്ടാകുമ്പോൾ ബോണ്ടുകളുടെ വിലയിടിയും. ബോണ്ട് നിശ്ചിത പലിശയ്ക്ക് നിശ്ചിതകാലയളവിലേക്ക് ഇറക്കുന്ന കടപ്പത്രങ്ങളാണ്. ഇതിൽ പണം മുടക്കുന്ന ആൾക്ക് അത്യാവശ്യം വന്നാൽ കാലാവധിക്കുമുമ്പ് കടപ്പത്രം വിറ്റ് കാശ് വാങ്ങാം. ഇതാണ് കടപ്പത്രത്തിന്റെ മേന്മ. പലിശനിരക്ക് ഉയരുമ്പോൾ കടപ്പത്രത്തിന്റെ പലിശ അഥവാ കൂപ്പൺ നിരക്ക് ഉയരില്ല. അതുകൊണ്ട് കടപ്പത്രം വിൽക്കാൻ ശ്രമിച്ചാൽ വാങ്ങാൻ ആളുണ്ടാവില്ല. അങ്ങനെ പലിശനരിക്കുയരുമ്പോൾ കടപ്പത്രത്തിൻ്റെ വിലയിടിയും.
▪️ ബാങ്കുകൾ തങ്ങൾക്ക് ലഭിക്കുന്ന ഡപ്പോസിറ്റ് വായ്പ കൊടുക്കുന്നു. അതോടൊപ്പം ഡപ്പോസിറ്റ് ചെയ്തവർ പണം ചോദിച്ചുവന്നാൽ നൽകാനായി എപ്പോഴും ഒരു നിശ്ചിതഭാഗം കാശായി സൂക്ഷിക്കും. അല്ലെങ്കിൽ പെട്ടെന്ന് കാശാക്കി മാറ്റാൻ പറ്റുന്ന കടപ്പത്രങ്ങളിൽ സൂക്ഷിക്കും. കടപ്പത്രങ്ങൾ ബാങ്കുകളുടെ ഒരു പ്രധാന നിക്ഷേപമാർഗമാണ്. കോവിഡ് കാലത്ത് വായ്പയുടെ ആവശ്യക്കാർ കുറവായതിനാൽ ബോണ്ടുകളിൽ വലിയതോതിൽ ബാങ്കുകൾ നിക്ഷേപം നടത്തിയിരുന്നു.
▪️ പലിശനിരക്ക് ഉയർന്നപ്പോൾ ബോണ്ടുകളുടെ വിലയിടിഞ്ഞു. ബോണ്ടുകളുടെ വിലയിടിയുമ്പോൾ ഉണ്ടാകുന്ന നഷ്ടം ബാങ്കിൻ്റെ മൂലധനത്തിൽ നിന്ന് നീക്കിവെച്ച് പരിഹരിക്കണം. ഇതിൻ്റെ ഫലമായി ബാങ്കുകളുടെ മൂലധനം ശോഷിക്കും. അപ്പോൾ ഇത് ബാങ്കിൽ പ്രതിസന്ധിയാവും.
▪️ ബാങ്കിൻ്റെ പ്രതിസന്ധി മനസ്സിലാക്കുന്ന ഡപ്പോസിറ്റുകാർ അവരുടെ തടി രക്ഷിക്കാൻ ഡപ്പോസിറ്റുകൾ പിൻവലിച്ചുതുടങ്ങും. കാരണം രണ്ടര ലക്ഷം ഡോളർവരെ മാത്രമേ ബാങ്ക് പൊളിഞ്ഞാൽ സംരക്ഷണം കിട്ടൂ. ഈ വേവലാതിമൂലം തങ്ങളുടെ ഡെപ്പോസിറ്റ് പിൻവലിക്കാൻ ഇടപാടുകാർ ഒത്തുകൂടിയാൽ ഒരു ബാങ്കിനും കൊടുക്കാനാവശ്യമായ പണം ഉണ്ടാവില്ല. കാരണം ഡെപ്പോസിറ്റിൽ നല്ലൊരു പങ്ക് വായ്പകൊടുത്തിരിക്കയാണല്ലോ. ബാക്കി ബോണ്ടിലെ നിക്ഷേപങ്ങളും. ഇടപാടുകാർക്ക് ഡെപ്പോസിറ്റ് പണം നൽകുന്നതിന് ബോണ്ടുകൾ വിറ്റാൽ അവയുടെ താഴ്ന്ന വിലമൂലം ബാങ്കിന് വലിയ നഷ്ടമുണ്ടാകും.
▪️ ബാങ്കിന് നഷ്ടമുണ്ടാകുമ്പോൾ ക്രഡിറ്റ് റേറ്റിംഗ് ഏജൻസികൾ ബാങ്കിൻ്റെ റേറ്റിംഗ് താഴ്ത്തും. അതോടെ കമ്പോളത്തിൽ പരിഭ്രാന്തി പരക്കും. ഇടപാടുകാർ തടിച്ചുകൂടും. ബാങ്കിൻ്റെ ഓഹരിമൂല്യം ഇടിയും. പിന്നെ ബാങ്ക് തകരാതെ നിർവ്വാഹമില്ല.
സിലിക്കൺവാലി ബാങ്ക് തകർന്നതോടെയാണ് ഫസ്റ്റ് റിപ്പബ്ലിക്കൻ ബാങ്കിൻ്റെ ഭാഗ്യദോഷം ആരംഭിച്ചത്. രണ്ടു ബാങ്കുകളും സമാനസ്വഭാവത്തിലുള്ളതാണ്. അതുകൊണ്ട് ഡപ്പോസിറ്റുകാർ പണം പിൻവലിക്കാൻ തുടങ്ങി. ഒരു മാസം ഏതാണ് 100 ബില്യൺ ഡെപ്പോസിറ്റാണ് പിന്വലിക്കപ്പെട്ടത്. തകർച്ച ഒഴിവാക്കാൻ ഫെഡറൽ റിസർവ്വ് 30 ബില്യൺ ഡോളർ മറ്റ് ബാങ്കുകളെകൊണ്ട് ഡപ്പോസിറ്റ് ചെയ്യിപ്പിച്ചു. ഫസ്റ്റ് ഫെഡറലിൻ്റെ ബോണ്ടുകൾ മുഖവിലക്ക് വാങ്ങി മറ്റ് 70 ബില്യൻ ഡോളർ ഫെഡറൽ റിസർവ്വ് നൽകി. അങ്ങനെ പിടിച്ചുനിൽക്കുകയായിരുന്നു.
ഇതിനിടയിലെ ബാങ്ക് മേധാവികൾ ഒരു സൂത്രമൊപ്പിച്ചു. ആരുമറിയാതെ അവരുടെ കയ്യിലെ ഓഹരികൾ പതുക്കെ വിൽക്കാൻ തുടങ്ങി. ഈ കഥ പുറത്തുവന്നതോടെ ഓഹരിവിലകൾ 97 ശതമാനം ഇടിഞ്ഞു. അതോടെ ബാങ്ക് അടച്ചുപൂട്ടാതെ നിർവ്വാഹമില്ലാതായി. ഇപ്പോൾ ജെ.പി. മോർഗൻ എന്ന ഭീമൻ ബാങ്ക് ഫസ്റ്റ് റിപ്പബ്ലിക്കൻ ബാങ്കിനെ ഏറ്റെടുത്തിരിക്കുകയാണ്.