ലയണല്‍ മെസ്സി പിഎസ്‍ജി വിടും; ക്ലബിനെ നിലപാട് അറിയിച്ചു

 

പാരിസ്: ക്ലബ് അധികൃതരുടെ സസ്പെൻഷൻ തീരുമാനത്തിന് പിന്നാലെ പി എസ് ജി വിടുമെന്ന് വ്യക്തമാക്കി ലിയോണൽ മെസി. ഈ സീസണോടെ പി എസ് ജി വിടാനാണ് അർജന്‍റീന നായകന്‍റെ തീരുമാനം. ജൂണിൽ അവസാനിക്കുന്ന കരാർ പുതുക്കില്ലെന്ന് മെസ്സി ക്ലബിനെ അറിയിച്ചു. 

സൗദി സന്ദർശനത്തിന്‍റെ പേരിൽ ക്ലബ് രണ്ടാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയതിന്  പിന്നാലെയാണ് മെസ്സിയുടെ തീരുമാനം. സസ്പെന്‍ഷന്‍ കാലത്ത് മെസ്സിക്ക് കളിക്കാനും പരിശീലിക്കാനും അനുമതിയില്ല. ഈ കാലയളവില്‍ പ്രതിഫലവും ക്ലബ്ബ് നല്‍കില്ല. സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന മെസ്സിക്ക് ഈ സീസണില്‍ ഇനി കളിക്കാനാകുക മൂന്നു മല്‍സരങ്ങള്‍ മാത്രമാകും. 

കഴിഞ്ഞയാഴ്ച ലോറിയന്റിനെതിരെ പിഎസ്ജി നേരിട്ട പരാജയത്തിന് തൊട്ടു പിന്നാലെയായിരുന്നു മെസിയുടെ സൗദി സന്ദർശനം. കുടുംബത്തോടൊപ്പം മെസി സൗദിയിലെത്തിയത് ക്ലബ്ബിന്റെ അനുമതി ഇല്ലാതെയാണെന്ന റിപ്പോർട്ടുകൾ അന്നേ പുറത്തു വന്നിരുന്നു. 

2021ൽ ബാഴ്സലോണയിൽ നിന്നാണ് മെസ്സി പി എസ് ജിയിലെത്തിയത്. വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ മെസ്സി ബാഴ്സലോണയിലേക്ക് തന്നെ മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.