തിരുവനന്തപുരം: ഹണിട്രാപ്പ് തട്ടിപ്പു കേസുകളിലെ പ്രതിയായ കൊല്ലം അഞ്ചൽ സ്വദേശി അശ്വതി അച്ചു അറസ്റ്റിൽ. പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഉൾപ്പെടെ നിരവധി കേസിൽ ഉൾപ്പെട്ട അശ്വതി അച്ചുവാണ് പൊലീസിൻറെ പിടിയിലായത്.
തിരുവനന്തപുരം പൂവാറിൽ 68 വയസ്സുകാരനെ വിവാഹ വാഗ്ദാനം നൽകി 40,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പൂവാർ പൊലീസാണ് അഞ്ചലിലെ വീട്ടിൽനിന്ന് അശ്വതി അച്ചുവിനെ അറസ്റ്റ് ചെയ്തത്.
ഇതേ കേസിൽ അശ്വതി അച്ചുവിനെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. കടമായി വാങ്ങിയ പണമാണെന്നും തിരികെ നൽകാമെന്നും അറിയിച്ചതിനെ തുടർന്ന് പൊലീസ് ഇവരെ വിട്ടയയ്ക്കുകയായിരുന്നു.
എന്നാൽ, അന്നു പറഞ്ഞ കാലാവധി അവസാനിച്ചതോടെയാണ് പൂവാർ പൊലീസ് അറസ്റ്റ് നടപടികളിലേക്കു കടന്നത്.
നിരവധി പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഹണിട്രാപ്പിൽ കുടുക്കിയെന്ന ആരോപണം അശ്വതി അച്ചുവിനെതിരെ നേരത്തെ ഉയർന്നിരുന്നു. കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതി ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. പൊലീസുകാരെ തിരഞ്ഞ് പിടിച്ച് സൗഹൃത്തിലാക്കിയ ശേഷം അശ്ലീല ചാറ്റിങ്ങിലടക്കം ഏര്‍പ്പെടുകയും പിന്നീട് അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതുമാണ് രീതി. ചില പൊലീസ് ഓഫീസർ പരാതിയുമായി മുന്നോട് വന്നിരുന്നുവെങ്കിലും അന്വേഷണവുമായി സഹകരിക്കാതിരുന്നതിനാൽ തുടർ നടപടികൾ ഉണ്ടായിരുന്നില്ല.