ലക്നോ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ചെന്നൈ സൂപ്പർ കിംഗ്സ് – ലക്നോ സൂപ്പർ ജയന്റ്സ് പോരാട്ടം മഴ മൂലം ഉപേക്ഷിച്ചു. ആദ്യ ഇന്നിംഗ്സിന്റെ അവസാന ഓവർ പൂർത്തിയാക്കാൻ നാല് പന്ത് ബാക്കി നിൽക്കെയാണ് മഴ എത്തിയത്. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമിനും ഓരോ പോയിന്റ് വീതം ലഭിച്ചു. ലഖ്നൗവിന് വേണ്ടി ആയുഷ് ബദോനി അര്‍ധസെഞ്ചുറി നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗവിന് വെറും 45 റണ്‍സെടുക്കുന്നതിനിടെ അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. പരിക്കുമൂലം നായകന് രാഹുല്‍ കളിക്കാനിറങ്ങിയില്ല. പകരം മനന്‍ വോറ ഓപ്പണറായി. എന്നാല്‍ മനന്‍ വോറ (10), കൈല്‍ മായേഴ്സ് (14), കരണ്‍ ശര്‍മ (9), നായകന് ക്രുനാല്‍ പാണ്ഡ്യ (0), മാര്‍ക്കസ് സ്റ്റോയിനിസ് (6) എന്നിവര്‍ അതിവേഗത്തില്‍ പുറത്തായി.
എന്നാല്‍ ആറാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ആയുഷ് ബദോനിയും നിക്കോളാസ് പൂരാനും ചേര്‍ന്ന് ലഖ്നൗവിനെ രക്ഷിച്ചു. പൂരാന് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ ബദോനി അനായാസം ബാറ്റുവീശി. ഇരുവരും ചേര്‍ന്ന് ടീം സ്കോര്‍ 100 കടത്തി. അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.
സിഎസ്കെയ്ക്കായി പതിരന, മഹീഷ് തീക്ഷണ എന്നിവർ രണ്ട് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. 11 പോയിന്റുള്ള ലക്നോ ലീഗിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. സമാന പോയിന്റുള്ള സിഎസ്കെ റൺനിരക്കിന്റെ അടിസ്ഥാനത്തിൽ മൂന്നാം സ്ഥാനത്താണ്.