സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: ബിജെപി കൗൺസിലർ റിമാൻഡിൽ

 

തിരുവനന്തപുരം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബി.ജെ.പി കൗൺസിലർ റിമാൻഡിൽ. അറസ്റ്റിലായ പി.ടി.പി നഗർ വാർഡ് കൗൺസിലർ വി. ജി കൗൺസിലർ ഗിരികുമാറിനെയും ശബരി എസ് നായരെയും 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. പ്രതികളുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. 

ആശ്രമം കത്തിച്ചത്‌ കേസിലെ ഒന്നാം പ്രതി പരേതനായ പ്രകാശനും ശബരി എസ്‌ നാഥും ചേർന്നാണെന്ന്‌ വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് രാവിലെ പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. രണ്ടാം പ്രതി കൃഷ്‌ണകുമാർ മുൻപ് അറസ്റ്റിലായിരുന്നു.  സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസിൽ അഞ്ച് വര്‍ഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ചിന്റെ നിര്‍ണ്ണായക നടപടിയുണ്ടായത്. 

ജില്ലയിലെ പ്രമുഖ ആര്‍എസ്എസ് നേതാവും ബിജെപി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും നഗരസഭ സഭ കൗണ്‍സിലറുമായ വി ജി.ഗിരി കുമാറാണ് സംഭവത്തിന്റെ മുഖ്യ ആസൂത്രകനെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ബൈക്കിലെത്തിയ രണ്ട് പേര്‍ ആശ്രമം തീയിട്ടെന്നും അതിലൊന്ന് ഇന്ന് അറസ്റ്റിലായ ശബരിയാണെന്നും ക്രൈം ബ്രാ‍ഞ്ച് പറയുന്നു. ഒളിവിലായിരുന്ന ശബരിയെ പിടികൂടിയതിന് പിന്നാലെയാണ് ഗൂഢാലോചന നടത്തിയ വി.ജി.ഗിരി കുമാറിനെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ആശ്രമം തീവയ്ക്കുന്നതിന് മുമ്പും ശേഷവും പ്രതികള്‍ ഗിരി കുമാറിനെ നിരന്തരം ബന്ധപ്പെട്ടതിന് തെളിവുണ്ട്. 

ആശ്രമം കത്തിക്കൽ കേസിലെ ഒന്നാം പ്രതി കുണ്ടമൺകടവ്‌ സ്വദേശി പ്രകാശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ നേരത്തേ ആർഎസ്‌എസ്‌ പ്രവർത്തകർ അറസ്റ്റിലായിരുന്നു. ആശ്രമം കത്തിക്കൽ കേസിലടക്കം ഇവർ പങ്കാളികളായിരുന്നു. ഇവരെ ചോദ്യം ചെയ്‌തപ്പോൾ ലഭിച്ച വിവരങ്ങളാണ് ക്രൈംബ്രാഞ്ചിനെ പ്രതികളിലേക്ക്‌ എത്തിച്ചത്. 

സംഭവത്തിൽ പ്രകാശിന്‌ പങ്കുണ്ടായിരുന്നുവെന്നും ഇക്കാര്യത്തെച്ചൊല്ലിയുള്ള തർക്കമാണ്‌ ആത്മഹത്യക്ക്‌ കാരണമായതെന്നും സഹോദരൻ പ്രശാന്ത്‌ നൽകിയ മൊഴിയാണ്‌ അന്വേഷണത്തിൽ വഴിത്തിരിവായത്‌. ഇയാൾ പിന്നീട്‌ മൊഴി മാറ്റിയെങ്കിലും പൊലീസ്‌ നിർണായക തെളിവുകൾ ശേഖരിച്ചിരുന്നു. 

കോടിയേരി ബലാകൃഷ്ണന്റെ വീട് ആക്രമിച്ചത് ഉള്‍പ്പെടെ 10 കേസിൽ പ്രതിയാണ് ശബരി. അറസ്റ്റുകള്‍ രാഷ്ട്രീയപ്രേതമെന്നാരോപിച്ച ബിജെപി പ്രതിഷേധ മാർച്ച് നടത്തി.