മുംബൈ: എൻസിപി അധ്യക്ഷസ്ഥാനം രാജിവച്ച തീരുമാനം ശരത് പവാർ പിൻവലിച്ചേക്കും. രണ്ടോ മൂന്നോ ദിവസത്തിനകം പവാർ തീരുമാനമറിയിക്കുമെന്ന് എൻസിപി നേതാവ് അജിത് പവാർ പറഞ്ഞു. ശരത് പവാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന പാർട്ടി പ്രവർത്തകരോടായാണ് ശരത് പവാറിന്റെ അനന്തരവൻ കൂടിയായ അജിത് ഇക്കാര്യം അറിയിച്ചത്.
പാർട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതായി പവാർ അറിയിച്ചതിനു പിന്നാലെ അജിത് പവാറും ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെയും അദ്ദേഹത്തെ വസതിയിലെത്തി കണ്ടിരുന്നു. രാജി വയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സന്ദർശനം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കാൻ അദ്ദേഹം രണ്ടു മൂന്നു ദിവസത്തെ സാവകാശം തേടിയതായി അജിത് പവാർ വ്യക്തമാക്കി.
അജിത് പവാർ എൻസിപി പിടിക്കാൻ നീക്കം നടത്തുന്നതായും ബിജെപിയുമായി സഖ്യത്തിന് ശ്രമിക്കുന്നതായുമുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ശരത് പവാർ നടകീയ പ്രഖ്യാപനം നടത്തിയത്. തന്റെ ഓർമക്കുറിപ്പുകളുടെ രണ്ടാം എഡിഷന്റെ പ്രകാശനച്ചടങ്ങിൽ 24 വർഷം എൻസിപി അധ്യക്ഷനായ താൻ പദവി ഒഴിയുന്നതായി പവാർ അറിയിച്ചു.
ഇനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ല. രാജ്യസഭാംഗമെന്ന നിലയിൽ മൂന്ന് വർഷം കൂടി കാലാവധി ബാക്കിയുണ്ട്. അധികച്ചുമതലകളൊന്നും ഏറ്റെടുക്കില്ല. പൊതുപ്രവർത്തനം അവസാനിപ്പിക്കില്ലെന്നും പവാർ പറഞ്ഞു.
താൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് 1960 മേയ് 1നാണ്. നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. അത്യാഗ്രഹം പാടില്ലെന്നും പവാർ കൂട്ടിചേർത്തു.