ബംഗളൂരു: കേരളത്തിലേക്ക് വരുന്നതിന് സുരക്ഷ ഒരുക്കാനായി കർണാടക സർക്കാർ ആവശ്യപ്പെട്ട അകമ്പടിത്തുക കൂടുതലായതിനാൽ യാത്ര ഉപേക്ഷിക്കുന്നതായി പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി. സുരക്ഷാ ചെലവ് എന്ന പേരിൽ ഇത്രയും തുക വാങ്ങുന്നത് അനീതിയാണെന്ന് മഅദനിയും കുടുംബവും അറിയിച്ചു.
കോടതിയിൽ നിന്ന് ജാമ്യം കിട്ടി ഇരിക്കുന്ന തനിക്ക് രോഗിയായ പിതാവിനെ കാണാനും സ്വന്തം ചികിത്സയ്ക്കും വേണ്ടി പിറന്ന നാട്ടിലേക്ക് പോവണമെങ്കിൽ പത്തിരുനൂറ് പൊലീസും കോടിക്കണക്കിന് രൂപയുമൊക്കെ കൊടുക്കണമെന്ന് പറഞ്ഞാൽ അതുൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്. അതിനാൽ ഈ നിബന്ധനകൾ പാലിച്ച് കേരളത്തിലേക്ക് പോവാൻ താൻ തയാറല്ല.
‘ആരെങ്കിലുമൊക്കെ സഹായിക്കും, ഏതെങ്കിലുമൊക്കെ പാവങ്ങളൊക്കെ കൂടി പൈസയെടുത്ത് തരും എന്നതുകൊണ്ടുമാത്രം ഒരു നീതിനിഷേധത്തോട് സന്ധിയാവാൻ കഴിയില്ല. അങ്ങനെ നേരത്തെ സന്ധിയായിരുന്നെങ്കിൽ ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പലതും നേരിടേണ്ടിവരില്ലായിരുന്നു’.
‘അബ്ദുൽനാസർ മഅ്ദനിയെ സഹായിക്കാൻ ചെലപ്പോൾ ആളുകളുണ്ടാവും. പക്ഷേ എനിക്കറിയുന്ന, പട്ടിണി കിടന്ന് ജയിൽവാസമനുഭവിക്കുന്ന ഒരുപാട് ആളുകളുണ്ട്. പീഡനങ്ങളനുഭവിക്കുന്ന, കഠിനമായ നീതി നിഷേധം നേരിട്ടുകൊണ്ടിരിക്കുന്ന ഒരുപാട് പേരുണ്ട്. ഉടുതുണിക്ക് മറുതുണിയില്ലാത്ത ആ പട്ടിണിപ്പാവങ്ങളിലൊരാൾക്കാണ് ഇത് സംഭവിക്കുന്നതെങ്കിൽ തീർച്ചയായും അയാളെ സഹായിക്കാനാരുമുണ്ടാവില്ല’.
‘അപ്പോൾ സഹായിക്കാൻ സന്നദ്ധരായ കുറെ സഹോദരന്മാരുണ്ടെന്നും സഹായം കിട്ടും എന്നും ഉറപ്പുണ്ടെങ്കിലും ഈ നീതിനിഷേധത്തോട് ഞാൻ സന്ധിയായാൽ, ഇങ്ങനെയൊരു കീഴ്വഴക്കം ഞാനുണ്ടാക്കിയാൽ നാളെ ഏതെങ്കിലുമൊരു സാധുവിന് അയാളുടെ നാട്ടിൽ പോവേണ്ടിവരുന്ന സാഹചര്യമുണ്ടാവുമ്പോൾ കർണാടക സർക്കാർ ലക്ഷങ്ങളുടേയും കോടികളുടേയും കണക്കെഴുതി കൊടുത്താൽ അയാളെന്ത് ചെയ്യും’- മഅ്ദനി ചോദിച്ചു.
മഅദനിയുടെ കേരള സന്ദർശനത്തിന് സുരക്ഷ ഒരുക്കാനായി 60 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കർണാടക സർക്കാർ അറിയിച്ചിരുന്നു. അകമ്പടി തുക കുറയ്ക്കണമെന്ന മഅദനിയുടെ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. തുക ആവശ്യപ്പെട്ട കർണാടക സർക്കാരിന്റെ നടപടിയിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
60 ലക്ഷം രൂപ എന്ന തുകയിൽ ഇളവ് വരുത്താനാവില്ലെന്ന് കർണാടക ഭീകരവിരുദ്ധ സെൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാംഗ്മൂലത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. അകമ്പടി പോകുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടി കുറയ്ക്കാനാകില്ലെന്നും കർണാടക സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
ഏപ്രിൽ 17-നാണ് കേരളത്തിലേക്ക് പോകുന്നതിനായി മഅദനിക്ക് സുപ്രീം കോടതി അനുമതി നൽകിയത്. അസുഖ ബാധിതനായ പിതാവിനെ കാണുന്നതിനാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് യാത്രാനുമതി നൽകിയത്. ജൂലൈ 10 വരെ മഅദനിക്ക് കേരളത്തിൽ തുടരാമെന്ന് കോടതി അറിയിച്ചിരുന്നു.