കോഴിക്കോട്: എഐ ക്യാമറ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അപകടങ്ങൾ കുറക്കാനാണ് പദ്ധതി നടപ്പാക്കിയത്. പുകമറ സൃഷ്ടിച്ച് പദ്ധതി തടയാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് ആരെന്ന തർക്കമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഇരുചക്രവാഹനയാത്രക്കാരുടെ പ്രശ്നങ്ങൾ കേന്ദ്രവുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, എസ്. ആർ. ഐ. ടി, ഊരാളുങ്കൽ എന്നിവയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് ട്രോയിസ് ഇൻഫോടെക്. ട്രോയിസ് എംഡി ടി. ജിതേഷിന്റേതാണ് വിശദീകരണം.
സേഫ് കേരള പദ്ധതിയ്ക്കായി എസ്. ആർ. ഐ. ടിയുമായി സഹകരിച്ചെന്നാണ് ജിതേഷ് കുമാർ അറിയിച്ചിരിക്കുന്നത്. എസ്. ആർ. ഐ. ടി എക്സിക്യൂട്ടീവ് ഡയറക്ടറായും ഊരാളുങ്കൽ കൺസോർഷ്യം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ടെന്നും എന്നാൽ ഇരു കൂട്ടരുമായി ഇപ്പോൾ ഒരു ബന്ധവുമില്ലെന്നുമാണ് വിശദീകരണം. എസ്. ആർ. ഐ. ടിക്ക് ബിഡ്ഡിങ്ങിൽ പങ്കെടുക്കാൻ ഉപകരണ നിർമാതാക്കളുടെ പിന്തുണ കത്ത് നൽകിയെന്നും കമ്പനി വ്യക്തമാക്കി.
ഇതൊടെ പദ്ധതിയുടെ ഉപകരാറുകൾക്ക് പിന്നിൽ ഗൂഡാലോചനയെന്ന ആരോപണവും ഊരാളുങ്കൽ ബന്ധവും കൂടുതൽ ബലപ്പെടുകയാണ്. എന്നാൽ 2018ൽ ട്രൊയിസ് കമ്പനി തുടങ്ങിയ ശേഷം മറ്റൊരു കമ്പനിയുമായും ബന്ധമില്ലന്നും ജിതേഷ് വാദിക്കുന്നു.
ഇതിനിടെ പദ്ധതിയുടെ ഏതാനും രേഖകൾ കെൽട്രോൺ പരസ്യപ്പെടുത്തി. വൈബ്സൈറ്റിലുള്ളത് പ്രതിപക്ഷനേതാക്കളും മാധ്യമങ്ങളും പുറത്തുവിട്ട എട്ട് രേഖകളാണ്. എസ്ആർഐടി കൈമാറിയതുകയോ, കമ്പനിയുണ്ടാക്കിയ ഉപകരാറുകയോ പ്രസിദ്ധീകരിച്ചിട്ടില്ല.