കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ മോദി ഇകഴ്ത്തിക്കാട്ടിയെന്ന് പിണറായി വിജയൻ വിമർശിച്ചു. തൊഴിലില്ലായ്മയെക്കുറിച്ച് പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യമാണ്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ പി എസ് സി വഴി 7 ലക്ഷം പേർക്ക് തൊഴിൽ നൽകി. യുപിഎസ്സിയേക്കാൾ കൂടുതലാണിത്. കേരളത്തിൽ തൊഴിൽ ഇല്ലായ്മ നിരക്ക് വെറും 5 ശതമാനം ആണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ 12 ശതമാനം ആയിരുന്നു. ഇതൊന്നും അറിയാത്ത ആൾ അല്ല പ്രധാനമന്ത്രി. യുവാക്കൾക്ക് ഒരു കോടി തൊഴിൽ വാഗ്ദാനം ചെയ്തതാണ് ബിജെപി അധികാരത്തിൽ വന്നത്. എന്നാൽ തൊഴിൽ ലഭിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിച്ച് തൊഴിൽ അവസരം ഇല്ലാതാക്കി. ബാങ്ക് അക്കൗണ്ടിലേക്ക് പണം വരുന്നത് അടക്കം പലതും വാഗ്ദാനങ്ങൾ മാത്രമാണ്. 10 ലക്ഷത്തോളം തൊഴിൽ അവസരങ്ങൾ രാജ്യത്ത് നികത്താതെ കിടക്കുന്നു. റെയിൽവേ മാത്രം മൂന്ന് ലക്ഷം തൊഴിൽ അവസരങ്ങൾ ഒഴിഞ്ഞു കിടക്കുന്നു.
കേരളത്തിനു പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പക്ഷേ ഒന്നും കിട്ടിയില്ല. സംസ്ഥാനത്തിന് അടുത്തിടെ അനുവദിച്ചതു രണ്ടു ട്രെയിനുകൾ മാത്രമാണ്. ഒരു വന്ദേഭാരത് തന്നിട്ട് അതിന്റെ വീമ്പ് പറഞ്ഞാൽ മതിയോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
‘‘കോച്ച് ഫാക്ടറിയും എയിംസും എവിടെ? നഴ്സിങ് കോളജുമില്ല. പ്രളയകാലത്ത് അനുവദിച്ച ധാന്യത്തിന്റെ വില കേന്ദ്രം തിരിച്ചുപിടിച്ചു. പ്രധാനമന്ത്രി കേരളത്തില്‍ സംസാരിച്ചത് രണ്ടു രീതിയിലാണ്. ഔദ്യോഗിക പരിപാടിയില്‍ പറഞ്ഞത് സത്യം. പാര്‍ട്ടി പരിപാടിയില്‍ കേരളത്തെ ഇകഴ്ത്തി.
യുവാക്കള്‍ക്ക് തൊഴില്‍ നല്കാന് സംസ്ഥാനത്തിന് പദ്ധതിയില്ലെന്ന വാദം തെറ്റാണ്. കേരളത്തില്‍ മുന്‍ഗണന പാര്‍ട്ടി താല്പര്യങ്ങള്ക്ക് എന്ന വിമര്‍ശനത്തിന് അടിസ്ഥാനമെന്താണ്? ഏതെങ്കിലും ഒരുവിഭാഗം കൂടെ ചേരുമെന്ന ബിജെപിയുടെ ചിന്ത വെറുതെയാണ്. ശത്രുക്കൾ ആരെന്ന് ആർഎസ്എസ് എഴുതിവച്ചത് ജനങ്ങൾക്ക് അറിയാം’’– മുഖ്യമന്ത്രി വ്യക്തമാക്കി.
പാർട്ടി താൽപര്യത്തിന് ആണ് കേരളത്തിൽ പരിഗണന എന്ന് പ്രധാനമന്ത്രി പറഞ്ഞത് എന്ത് അടിസ്ഥാനത്തിൽ ആണ്? മൂന്നര ലക്ഷം വീട് നൽകി. 63 ലക്ഷം ആളുകൾക്ക് പെൻഷൻ നൽകി. അതുപോലെ 43 ലക്ഷം കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷ്വറൻസ് ലഭ്യമാക്കി. ഇതെല്ലാം പാർട്ടി താല്പര്യ ത്തിൽ ആണോ? നാടിൻ്റെ താല്പര്യം ആണ് പ്രധാനം. സ്വന്തം പാർട്ടിക്ക് രണ്ട് വോട്ട് കിട്ടാൻ വസ്തുതകൾ നിഷേധിച്ച് ആകരുത് പ്രധാനമന്ത്രി കാര്യങ്ങൾ പറയാനെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം മതനിരപേക്ഷതയുടെ കേന്ദ്രമാണ്. ഒരു വിഭാഗം കൂടെ ചേരുമെന്ന ബിജെപി ചിന്ത വെറുതെയാണ്. കേരളത്തിൽ ആർഎസ്എസ് വേരോട്ടം കിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയകാലത്ത് ധാന്യം നൽകിയതിന്റെ തുക കേന്ദ്രം തിരിച്ചുപിടിച്ചു. കേരളത്തെ സഹായിക്കാൻ മുന്നോട്ട് വന്നവരെയും കേന്ദ്രസർക്കാർ തടഞ്ഞുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.
റോഡ് ക്യാമറ പദ്ധതി അപകടം കുറയ്ക്കാനാണെന്നു മുഖ്യമന്ത്രി പറഞ്ഞു. പുകമറ സൃഷ്ടിച്ച് പദ്ധതി തടയാന്‍ ശ്രമം നടക്കുന്നുണ്ട്. പുതിയ പരിഷ്കാരത്തില്‍ ഇരുചക്ര വാഹന യാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ട്. മാറ്റം വരുത്തേണ്ടത് കേന്ദ്ര സര്‍ക്കാരെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.