തിരുവനന്തപുരം: എസ്. ആർ. ഐ. ടി, ഊരാളുങ്കൽ എന്നിവയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് ട്രോയിസ് ഇൻഫോടെക്. ട്രോയിസ് എംഡി ടി. ജിതേഷിന്റേതാണ് വിശദീകരണം.
സേഫ് കേരള പദ്ധതിയ്ക്കായി എസ്. ആർ. ഐ. ടിയുമായി സഹകരിച്ചെന്നാണ് ജിതേഷ് കുമാർ അറിയിച്ചിരിക്കുന്നത്. എസ്. ആർ. ഐ. ടി എക്സിക്യൂട്ടീവ് ഡയറക്ടറായും ഊരാളുങ്കൽ കൺസോർഷ്യം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ടെന്നും എന്നാൽ ഇരു കൂട്ടരുമായി ഇപ്പോൾ ഒരു ബന്ധവുമില്ലെന്നുമാണ് വിശദീകരണം. എസ്. ആർ. ഐ. ടിക്ക് ബിഡ്ഡിങ്ങിൽ പങ്കെടുക്കാൻ ഉപകരണ നിർമാതാക്കളുടെ പിന്തുണ കത്ത് നൽകിയെന്നും കമ്പനി വ്യക്തമാക്കി.
ഇതൊടെ പദ്ധതിയുടെ ഉപകരാറുകൾക്ക് പിന്നിൽ ഗൂഡാലോചനയെന്ന ആരോപണവും ഊരാളുങ്കൽ ബന്ധവും കൂടുതൽ ബലപ്പെടുകയാണ്. എന്നാൽ 2018ൽ ട്രൊയിസ് കമ്പനി തുടങ്ങിയ ശേഷം മറ്റൊരു കമ്പനിയുമായും ബന്ധമില്ലന്നും ജിതേഷ് വാദിക്കുന്നു.
ഇതിനിടെ പദ്ധതിയുടെ ഏതാനും രേഖകൾ കെൽട്രോൺ പരസ്യപ്പെടുത്തി. വൈബ്സൈറ്റിലുള്ളത് പ്രതിപക്ഷനേതാക്കളും മാധ്യമങ്ങളും പുറത്തുവിട്ട എട്ട് രേഖകളാണ്. എസ്ആർഐടി കൈമാറിയതുകയോ, കമ്പനിയുണ്ടാക്കിയ ഉപകരാറുകയോ പ്രസിദ്ധീകരിച്ചിട്ടില്ല.
അതേസമയം, എഐ ക്യാമറ ഇടപാടിൽ എജിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് അടുത്തയാഴ്ച സമർപ്പിക്കും. വിശദമായ ഓഡിറ്റിന് ശുപാർശ ചെയ്താൽ എഐ ക്യാമറ ഇടപാട് അടക്കം കെൽട്രോണ്‍ ഇടനിലക്കാരായ വൻ കിട പദ്ധതികള്‍ എ.ജി വിശദമായി പരിശോധിക്കും. വ്യവസായ വകുപ്പിന്റെ പരിശോധന റിപ്പോർട്ടും അടുത്തയാഴ്ച നൽകും. എഐ ക്യാമറയിൽ അഴിമതി ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതൽ എജിയുടെ ഓഡിറ്റ് സംഘം പ്രാഥമിക പരിശോധന തുടങ്ങിയത്. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. കെൽട്രോണിന്റെ ഉപകരാറിലൂടെ സർക്കാരിന് നഷ്ടമുണ്ടായിട്ടുണ്ടെന്ന വിലയിരുത്തലുണ്ടായാൽ കരാറിനെ കുറിച്ചുള്ള വിശദമായ ഓഡിറ്റിലേക്ക് എജി കടക്കും. പൊതമേഖല സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ ഓരോ സാമ്പത്തിക വർഷവും പ്രത്യേക പരിശോധന നടത്താറുണ്ട്. എന്നാൽ എഐ ക്യാമറ ഇടപാട് വൻ വിവാദമായ പശ്ചാത്തലത്തിലാണ് ഇതിമാത്രമായി പരിശോധനക്ക് മുന്നംഗം സംഘത്തെ ചുമതലപ്പെടുത്തിയത്.