തിരുവനന്തപുരം: വഴിയാത്രക്കാരന്റെ കൈ ബൈക്കിന്റെ ഹാൻഡിലിൽ തട്ടി നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. റോഡിൽ തെറിച്ച് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. തിരുവനന്തപുരം കാലടി കുളത്തറ വീട്ടിൽ ജി.എസ്. ബൈജു (56) ആണ് മരിച്ചത്. മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
വെളളിയാഴ്ച രാത്രി ഏഴരയോടെ കോവളം ബീച്ച് റോഡിൽ അപ്സരാ തിയേറ്റർ ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്. റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിനെ മറികടന്ന് എത്തിയ വഴിയാത്രക്കാരനായ യുവാവിന്റെ കൈബൈക്കിന്റെ ഹാൻഡിലിൽ തട്ടിയതോടെ നിയന്ത്രണം വിട്ട് ബൈക്കോട് കൂടി മറിഞ്ഞ് വീഴുകയായിരുന്നു. വീഴ്ചയെ തുടർന്ന് റോഡിൽ തലയിടിച്ചാണ് പരിക്കേറ്റത്.
ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11.00 ഓടെയാണ് മരണം സംഭവിച്ചത്.