ന്യൂഡല്‍ഹി: പി.ടി ഉഷക്കെതിരെ ഗുസ്തി താരങ്ങൾ രംഗത്ത്. വനിതാ താരമായിട്ടും തങ്ങളെ കേൾക്കാൻ പി.ടി ഉഷ തയാറായില്ലെന്ന് സാക്ഷി മാലിക്. അച്ചടക്ക ലംഘനം ഉണ്ടായിട്ടില്ലെന്നും സമാധാനപരമായാണ് പ്രതിഷേധിക്കുന്നതെന്നും സാക്ഷി വ്യക്തമാക്കി. സ്വന്തം അക്കാദമിയെ കുറിച്ച് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിലിരുന്ന് കരഞ്ഞയാളാണ് പി.ടി ഉഷ. മൂന്ന് മാസമായി നീതിക്കായി പോരാടുന്നുവെന്ന് വിനേഷ് ഫോഗട്ടും വ്യക്തമാക്കി. ഒളിംപിക് അസോസിയേഷൻ അധ്യക്ഷയിൽ നിന്ന് ഇതല്ല പ്രതീക്ഷിച്ചതെന്ന് പറഞ്ഞ ബജ്രംഗ് പുനിയ പിന്തുണയാണ് പ്രതീക്ഷിച്ചതെന്നും കൂട്ടിച്ചേർത്തു.
പി.ടി ഉഷക്കെതിരേ ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാളും രംഗത്തെത്തി. കുട്ടിക്കാലത്തെ ഹീറോകളോട് ബഹുമാനം നഷ്ടമാകുന്നത് ഇങ്ങനെയാണെന്ന് പിടി ഉഷയെ വിമര്‍ശിച്ച് സ്വാതി മലിവാള്‍ പറഞ്ഞു. താരങ്ങള്‍ക്കെതിരായ പിടി ഉഷയുടെ വിമര്‍ശനം സംബന്ധിച്ച വാര്‍ത്ത ട്വീറ്റ് ചെയ്തുകൊണ്ടാണ് സ്വാതി മാലിവാളിന്റെ പ്രതികരണം.
ഗുസ്തി താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയെന്നും സമരത്തിന് പോകും മുന്‍പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നുമായിരുന്നു ഉഷയുടെ വിമര്‍ശനം. ഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഉഷയുടെ വിമര്‍ശനം.
അതേസമയം, ഗുസ്തി താരങ്ങളുന്നയിക്കുന്ന ലൈംഗിക ചൂഷണ പരാതി ശരിവച്ച് സായി മുൻ ഫിസിയോ പരഞ്ജീത് മാലിക് രംഗത്ത് വന്നിരുന്നു. മൂന്ന് ജൂനിയർ വനിതാ ഗുസ്തിക്കാർ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെന്നും തനിക്ക് മുന്നിൽ അവർ പൊട്ടിക്കരഞ്ഞെന്നുമാണ് പരഞ്ജീത് മാലിക് വെളിപ്പെടുത്തിയത്. ഇതിനെതിരെ വനിതാ കോച്ച് കുൽദീപ് മാലിക്കിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരഞ്ജീത് മാലിക് പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പരഞ്ജീത് മാലിക് ഈക്കാര്യം വ്യക്തമാക്കിയത്.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭുഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന രാപകൽ സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ 7 വനിതാ കായികതാരങ്ങൾ ഡൽഹി പൊലീസിൽ ബ്രിജ് ഭൂഷണെതിരെ ലൈംഗിക പരാതി നൽകിയിട്ട് ആറു ദിവസം ആയിട്ടും എഫ്ഐ ആർ എടുത്തിട്ടില്ല. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഇവർക്ക് പിന്തുണ അറിയിച്ചു.