ജയ്പുര്‍: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിന് ജയം. 32 റണ്‍സ് ജയത്തോടെ പോയന്റ് പട്ടികയില്‍ ചെന്നൈയെ മറികടന്ന് രാജസ്ഥാന് ഒന്നാമതെത്തി. റോയല്‍സ് ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് ആറു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. യശ്വസി ജയ്സ്വാളിന്റെ അര്‍ധ സെഞ്ചുറി കരുത്തിലാണ് രാജസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കൂറ്റൻ സ്കോര്‍ കുറിച്ചത്.
43 പന്തില്‍ 77 റണ്‍സാണ് ജയ്സ്വാള്‍ കുറിച്ചത്. 15 പന്തില്‍ 34 റണ്‍സെടുത്ത ധ്രുവ് ജുറലിന്റെ പ്രകടനവും നിര്‍ണായകമായി. ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ശിവം ദുബെ (52), റുതുരാജ് ഗെയ്ക്വാദ് (47) എന്നിവരാണ് ചെന്നൈക്കായി പൊരുതി നോക്കിയത്. രാജസ്ഥാന്റെ ആദം സാംപ മൂന്ന് വിക്കറ്റുകളുമായി മിന്നി തിളങ്ങി. ആര്. അശ്വിന് രണ്ട് വിക്കറ്റെടുത്തു.
203 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ചെന്നൈക്കായി പതിഞ്ഞ താളത്തിലാണ് ഋതുരാജ് ഗെയ്ക്വാദ് – ഡെവോണ്‍ കോണ്‍വെ ഓപ്പണിങ് സഖ്യം തുടങ്ങിയത്. 16 പന്തില്‍ എട്ട് റണ്‍സ് മാത്രമെടുത്ത കോണ്‍വെയെ സാംപ മടക്കിയെങ്കിലും ഋതുരാജ് തകര്‍ത്തടിച്ചു.
29 പന്തില്‍ നിന്ന് ഒരു സിക്സും അഞ്ച് ഫോറുമടക്കം 47 റണ്‍സെടുത്ത ഋതുരാജിനെയും സാംപ തന്നെ മടക്കി. പിന്നാലെ അജിങ്ക്യ രഹാനെയും (15), അമ്പാട്ടി റായുഡുവും (0) പെട്ടെന്ന് മടങ്ങിയതോടെ ചെന്നൈ പ്രതിരോധത്തിലായി. ഇരുവരെയും 11-ാം ഓവറില്‍ മടക്കിയത് ആര്. അശ്വിനായിരുന്നു.
പിന്നാലെ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ശിവം ദുബെ – മോയിന്‍ അലി സഖ്യം ചെന്നൈയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന ഘട്ടത്തില്‍ അലിയെ മടക്കി സാംപ വീണ്ടും റോയല്‍സിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 12 പന്തില്‍ നിന്നും 23 റണ്‍സായിരുന്നു അലിയുടെ സമ്പാദ്യം. ജഡേജ 15 പന്തില്‍ നിന്ന് 23 റണ്‍സുമായി പുറത്താകാതെ നിന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് രാജസ്ഥാൻ റോയൽസ് യശ്വസി ജയ്സ്വാളിന്റെ ബാറ്റിങ്ങ് മികവിൽ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു. 43 പന്തിൽ എട്ടു ഫോറുകളുടെയും നാലു സിക്സറുകളുടെയും അകമ്പടിയോടെ 77 റൺസാണ് ജയ്സ്വാൾ അടിച്ചെടുത്തത്.
ഓപ്പണർ യശ്വസി ജയ്സ്വാളും ജോസ് ബട്ലറും മികച്ച തുടക്കമാണ് രാജസ്ഥാന് നൽകിയത്. സ്കാർ 86ൽ നിൽക്കെ ബട്ലർ( 21 പന്തിൽ 27) പുറത്തായി. പിന്നാലെ എത്തിയ ക്യാപ്റ്റൻ സഞ്ജു സാംസൺ( 17 പന്തിൽ 17) കാര്യമായ സംഭാവനകളൊന്നും നൽകാതെ പുറത്തായി. പതിമൂന്നാം ഓവറിന്റെ അവസാന പന്തിൽ സ്കോർ 132 ൽ നിൽക്കെ തിഷാർ ദേശ്പാണ്ഡെയുടെ പന്തിൽ അജങ്ക്യ രഹാനെ ക്യാച്ചെടുത്ത് ജയ്സ്വാളും ക്രീസ് വിട്ടു. ഇതോടെ രാജസ്ഥാന്റെ സ്കോറിങ്ങും ഇഴയാൻ തുടങ്ങി.
ഹെറ്റ്മെയർ( 10 പന്തിൽ 8) പുറത്തായതോടെ അഞ്ചാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച ദേവ്ദത്ത് പടിക്കലും(12 പന്തിൽ 24*) ധ്രുവ് ജുറലു(15 പന്തിൽ 34) മാണ് രാജസ്ഥാന്റെ സ്കോർ 200 കടത്തിയത്.
ചെന്നൈയ്ക്കായി തുഷാർ ദേശ്പാണ്ഡെ രണ്ടു വിക്കറ്റും രവീന്ദ്ര ജഡേജ മഹീഷ് തീക്ഷണ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.