ഡല്‍ഹി: സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഒളിംപിക് അസോസിയേഷന് അധ്യക്ഷ പി.ടി ഉഷ. ‘താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കി. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല. സമരത്തിന് പോകും മുന്‍പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നു’ പിടി ഉഷ പറഞ്ഞു.
പി.ടി ഉഷക്കെതിരെ ബജ്രംഗ് പുനിയയും രംഗത്ത് വന്നു. ഇത്രയും കടുത്ത പ്രതികരണം പി.ടി ഉഷയിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവരിൽ നിന്ന് പിന്തുണ പ്രതീക്ഷിച്ചിരുന്നു എന്നും ബജ്രംഗ് പുനിയ പറഞ്ഞു.
ഗുസ്തി താരങ്ങളുന്നയിക്കുന്ന ലൈംഗിക ചൂഷണ പരാതി ശരിവച്ച് സായി മുൻ ഫിസിയോ പരഞ്ജീത് മാലിക് രംഗത്ത് വന്നിരുന്നു. മൂന്ന് ജൂനിയർ വനിതാ ഗുസ്തിക്കാർ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെന്നും തനിക്ക് മുന്നിൽ അവർ പൊട്ടിക്കരഞ്ഞെന്നുമാണ് പരഞ്ജീത് മാലിക് വെളിപ്പെടുത്തിയത്. ഇതിനെതിരെ വനിതാ കോച്ച് കുൽദീപ് മാലിക്കിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരഞ്ജീത് മാലിക് പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പരഞ്ജീത് മാലിക് ഈക്കാര്യം വ്യക്തമാക്കിയത്.
ഗുസ്തി അസോസിയേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താനും തിരഞ്ഞെടുപ്പ് സംഘടിപ്പിക്കാനുമായി താല്‍ക്കാലിക സമിതിയെ ഐ.ഒ.എ. നിയോഗിച്ചു. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനാകുന്ന സമിതിയില്‍ മുന്‍ ഷൂട്ടിംഗ് താരം സുമ ഷിരൂര്‍, വുഷു അസോസിയേഷന് അധ്യക്ഷന്‍ ഭൂപേന്ദ്ര സിംഗ് ബജ്വ എന്നിവര്‍ അംഗങ്ങളാകും.
ഗുസ്തി ഫെഡറഷൻ അധ്യക്ഷനും ബിജെപി എം.പിയുമായ ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുകയാണ്. ആരോപണങ്ങളിൽ നടപടി എടുക്കാതെ രാപകൽ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ഗുസ്തി താരങ്ങൾ വ്യക്തമാക്കി. ഗുസ്തി താരങ്ങള്‍ ജന്ദര്‍ മന്തറില്‍ നടത്തുന്ന സമരം അഞ്ച് ദിനം പിന്നിടുകയാണ്. സമരത്തിന് ഐക്യദാർഢ്യവുമായി ഡല്‍ഹി പോലീസ് കമ്മീഷണര്‍ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയ ജനാധിപത്യ മഹിളാ അസോസിയേഷന് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചു. പി.കെ ശ്രീമതി ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരുമാണ് കസ്റ്റഡിയിലായത്. താരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ., ജനാധിപത്യ മഹിളാ അസോസിയേഷന് തുടങ്ങിയ ഇടത് സംഘടനാ നേതാക്കള്‍ സമരപ്പന്തലില്‍ എത്തി.
അതേസമയം പണവും അധികാരവും ഉപയോഗിച്ച് ലൈംഗിക പരാതി നൽകിയവരുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നതായും ഇതിനായി പരാതിക്കാരുടെ വിവരങ്ങൾ ഡൽഹി പൊലീസ് ചോർത്തി നൽകി എന്നും താരങ്ങൾ ആരോപിച്ചു.