തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഓഫീസ് നടത്തിപ്പില്‍ ഗുരുതര വീഴ്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് ചീഫ് ആര്‍ക്കിടെക്ടിനേയും ഡെപ്യൂട്ടി ചീഫ് ആര്‍ക്കിടെക്ടിനേയും സസ്പെൻഡ് ചെയ്തു.
പൊതുമരാമത്ത് പി.എ മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഈ രണ്ട് ഉദ്യോഗസ്ഥരും ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ പൂരിപ്പിക്കാറില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
മാർച്ച് 23 ന് മന്ത്രി റിയാസ് ആര്‍ക്കിടെക്ട് വിങ്ങിൽ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ഇവിടുത്തെ പ്രവര്‍ത്തനം പരിശോധിക്കുവാന്‍ വകുപ്പ് സെക്രട്ടറിയേയും പൊതുമരാമത്ത് വിജിലന്‍സിനേയും ചുമതലപ്പെടുത്തി.
ഇതേത്തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തി. പ്രധാനപ്പെട്ട രജിസ്റ്ററുകളും രേഖകളും സൂക്ഷിക്കുന്നതില്‍ ഉള്‍പ്പെടെ ഗുരുതരമായ വീഴ്ച കണ്ടെത്തി. ജീവനക്കാരിൽ പലരും കൃത്യസമയത്ത് ഹാജരാകുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടിയെടുക്കാൻ തീരുമാനിച്ചത്. തുടര്‍ന്നാണ് വകുപ്പിന്റെ തലപ്പത്തുള്ള രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
ഓഫീസിലെ 41 ജീവനക്കാരുടേയും ഹാജറിൽ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. മന്ത്രി മിന്നൽപരിശോധന നടത്തിയ ദിവസം അവധിയെടുക്കാത്ത അഞ്ച് ഉദ്യോഗസ്ഥർ ഓഫീസിൽ എത്തിയിരുന്നില്ല. 20 ഉദ്യോഗസ്ഥർ വൈകി എത്തുകയും ചെയ്തിരുന്നു. ഇതിൽ ഏറെ വൈകി എത്തിയ 13 പേർക്കെതിരെ നടപടിയെടുക്കാനും ശിപാർശ ചെയ്തിട്ടുണ്ട്. ബാക്കി ഏഴ് പേരോട് വീശദീകരണം ചോദിച്ച് ആവശ്യമെങ്കിൽ നടപടി എടുക്കാനും നിർദേശമുണ്ട്. സസ്പെൻഷനിൽ ആയ ഉദ്യോഗസ്ഥരുടെ വിശദീകരണം തൃപ്തികരമല്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു.