കൊച്ചി: പോക്സോ കേസ്സിൽ കരാട്ടെ, തായ്കോൻഡോ അധ്യാപകന്മാർക്ക് നാല് കേസ്സുകളിലായി കഠിനതടവും പിഴയും. പുതുവൈപ്പ് പുതുവത്സത്ത് വീട്ടിൽ കരാട്ടെ അധ്യാപകനായ മിലൻ(36) 14 വർഷം കഠിനതടവിനും 75,000/- പിഴയ്ക്കും, വൈപ്പിൻ പെരുമാൾപ്പടി എളങ്കുന്നപ്പുഴ സ്വദേശി പറമ്പാടി വീട്ടിൽ തായ്ക്കാൻഡോ അധ്യാപകനായ ജിബിൻ നീലാംബരൻ (42) മൂന്ന് കേസ്റ്റുകളിലായി 15 വർഷം കഠിനതടവും 75000/- രൂപ പിഴയും എറണാകുളം പോക്സോ കോടതി ജഡ്ജി ശ്രീ. കെ സോമൻ ശിക്ഷിച്ചത്.
2019-2020 കാലഘട്ടത്തിലായിരുന്നു കരാട്ടെ അധ്യാപകനായ മിലൻ രണ്ട് കുട്ടികളോട് ലൈംഗിക അതിക്രമം നടത്തിയത്. രണ്ടു കുട്ടികളോട് ലൈംഗിക അതിക്രമം നടത്തിയതിനാൽ ആറ് വകുപ്പുകളിലായി 42 വർഷം തടവ് വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
2019 ആദ്യം ആയിരുന്നു തായ്ക്കോൻഡോ അധ്യാപകനായ ജിബിൻ നീലാംബരൻ 3 പെൺകുട്ടികളോട് ലൈംഗിക അതിക്രമം നടത്തിയത്. ഇയാൾക്കെതിരെ 2013-ൽ സമാനമായ മറ്റൊരു കേസ്സും നിലവിലുണ്ടായിരുന്നു. മൂന്നു വ്യത്യസ്ത കേസുകൾ ആയതുകൊണ്ട് തന്നെ 15 വർഷം തടവ് പ്രതി പ്രത്യേകം അനുഭവിക്കണം.
എറണാകുളം ടൗൺ നോർത്ത് എസ്.ഐ ആയിരുന്ന രാജൻ ബാബുവാണ് ജിബിൻ നിലാംബരനെതിരെയുള്ള മൂന്ന് കേസ്സുകൾ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കരാട്ടെ അദ്ധ്യാപകനായ മിലിനെതിരെയുള്ള കേസ് അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം നൽകിയത് സെൻട്രൽ പോലീസ് സ്റ്റേഷൻ എസ് ഐ വിനോജ് , എസ്.ഐ സരള എന്നിവരാണ്. പ്രോസിക്യൂഷൻ വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി.എ . ബിന്ദു. അഡ്വ. സരുൺ മാങ്കറ തുടങ്ങിയവർ ഹാജരായി.