ന്യൂഡല്‍ഹി: കര്‍ണാടക പൊലീസിന്റെ നിർദേശത്തിനെതിരെ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിര്‍ മഅ്ദനി സുപ്രീംകോടതിയിൽ. കേരളത്തിൽ വരാനുള്ള സുരക്ഷ ചെലവിനത്തിൽ 60 ലക്ഷം രൂപ മുൻകൂറായി കെട്ടിവെക്കണമെന്ന വ്യവസ്ഥക്കെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. തുകയിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് മഅ്ദനിക്ക് വേണ്ടി ഹാജരായത്.
20 അംഗ ടീമിനെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. ഇതിലും ഇളവ് വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താൽ അകമ്പടിച്ചെലവ് ഒരു കോടിയോളം വരുമെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ പ്രത്യേക അപേക്ഷ നൽകാനും കർണാടക സർക്കാരിന് ഒരു പകർപ്പ് നൽകാനും ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
ബംഗളൂരു സിറ്റി പൊലീസ് കമീഷണർ സി.എച്ച്. പ്രതാപ റെഡ്ഡിയാണ് മഅ്ദനിയുടെ കൂടെ അകമ്പടിക്കായി 20 പൊലീസുകാരെ നിയോഗിക്കുകയും 82 ദിവസത്തെ ഇവരുടെ ചെലവിലേക്കായി 60 ലക്ഷത്തോളം രൂപ മുൻകൂറായി കെട്ടിവെക്കണമെന്ന് നിർദേശിക്കുകയും ചെയ്തത്. 18 ശതമാനം ജി.എസ്.ടി തുകയായി 2.67 ലക്ഷവും സേവന നികുതിയായി 1.48 ലക്ഷവും ഇതിൽ ഉൾപ്പെടും.
ഇതിന് പുറമെ, താമസവും ഭക്ഷണവും അടക്കമുള്ള മറ്റ് അനുബന്ധ ചെലവുകൾ വഹിക്കണമെന്നും വാക്കാൽ നിർദേശം നൽകിയിരുന്നു. മൊത്തം ചെലവ് ഒരു കോടിയോടടുക്കും.
2017ൽ മകൻ ഉമർ മുഖ്താറിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സുപ്രീംകോടതി അനുമതി നൽകിയപ്പോൾ ഒരാഴ്ചത്തേക്ക് പൊലീസിന്റെ ചെലവിനായി 18 ലക്ഷം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചപ്പോൾ കർണാടക സർക്കാറിനെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് കെട്ടിവെക്കേണ്ട തുക 1.18 ലക്ഷമാക്കി കുറച്ചിരുന്നു.