ഭോപ്പാല്‍: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ വെടിവെച്ചുകൊന്നു. മധ്യപ്രദേശിലെ ധാറില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. പൂജ (22) യാണ് കൊല്ലപ്പെട്ടത്. ദീപക് റാത്തോഡാണ് പ്രതി. അറസ്റ്റിന് ശ്രമിച്ച പൊലീസിനു നേരെയും പ്രതി വെടിയുതിര്‍ത്തു.
വിവാഹാഭ്യര്‍ഥനയുമായി രണ്ടു വര്‍ഷത്തോളം ദീപക് പൂജയ്ക്ക് പിന്നാലെ നടന്നു. പൂജ സമ്മതമല്ലെന്ന് അറിയിച്ചിട്ടും പിന്തുടര്ന്ന് ശല്യം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച ജോലി ചെയ്യുന്ന റെസ്റ്റോറന്റിലേക്ക് പൂജ പോകാനിറങ്ങിയപ്പോഴാണ് റാത്തോഡ് പിന്നാലെ ചെന്ന് വെടിയുതിര്‍ത്തത്. സംഭവസ്ഥലത്തുതന്നെ പൂജ മരിച്ചു. അമ്മയ്ക്കും രണ്ട് സഹോദരിമാർക്കുമൊപ്പം ധാറിനടുത്തുള്ള ബ്രഹ്മകുണ്ഡിലായിരുന്നു പൂജ താമസിച്ചിരുന്നത്.
ദൃക്സാക്ഷികൾ ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി റാത്തോഡിനായി തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. തുടർന്ന് റാത്തോഡിനെ ബ്രഹ്മകുണ്ഡിലെ ഒരു വീട്ടിൽ കണ്ടെത്തി. അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോള്‍ ഇയാള്‍ പൊലീസിനു നേരെ വെടിയുതിര്‍ത്തു. ഒരു പൊലീസുകാരന് പരിക്കേറ്റു. തുടര്‍ന്ന് പൊലീസ് തിരിച്ചു വെടിയുതിര്‍ത്തപ്പോള്‍ റാത്തോഡിന്റെ കാലിനു പരിക്കേറ്റു. ആശുപത്രിയിൽ ചികിൽസ തേടിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കയ്യേറ്റ ഭൂമിയിലാണെന്ന് ആരോപിച്ച് റാത്തോഡിന്റെ വീട് പൊലീസ് പൊളിച്ചുമാറ്റി. റാത്തോഡിനെതിരെ പൂജ നേരത്തെ പരാതി നൽകിയിരുന്നു. പൂജയുടെ കുടുംബത്തെയും സുഹൃത്തുക്കളെയും ഉള്‍പ്പെടെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.