ഖാർത്തൂം: സുഡാനിലെ ആഭ്യന്തരയുദ്ധം മുതലാക്കി മുൻ ഏകാധിപതി ഒമർ അൽ ബഷീറും കൂട്ടാളികളും ജയിൽ ചാടി. ചികിത്സയ്ക്കെന്ന പേരിൽ ഖാർത്തൂമിലെ കോബർ ജയിൽ വിട്ട് ആശുപത്രിയിലെത്തിയതിന് ശേഷം അവിടെനിന്ന് മുങ്ങുകയായിരുന്നു. രക്ഷപ്പെട്ട സംഘം യുദ്ധമുഖം കൂടുതൽ ഭീകരമാക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
അതിനിടെ വെടിനിർത്തൽ ധാരണയിൽ ആഭ്യന്തര യുദ്ധത്തിന് സുഡാനിൽ ഇന്ന് നേരിയ ശമനം ഉണ്ട്. യുഎസ് സമ്മർദത്തിൽ ഇന്നു വൈകിട്ടു വരെ വെടിനിർത്തലിനാണ് സൈന്യവും അർധസൈനിക വിഭാഗമായ ആർഎസ്എഫും തമ്മിൽ ധാരണയായത്.
എന്നാൽ, ജനങ്ങളുടെ ദുരിതത്തിന് തെല്ലും കുറവില്ല. 2019 ൽ ഭരണകൂടത്തെ അട്ടിമറിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച അഹമ്മദ് ഹാറൂണും കൂട്ടാളികളും ജയിലിൽനിന്ന് രക്ഷപ്പെട്ടതും ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു.
ഇതിനൊപ്പം തന്നെ ഊർജ പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും ചികിത്സാ സൗകര്യത്തിന്റെ അഭാവവും ജനജീവിതം നരകതുല്യമാക്കുകയാണ്. ജലക്ഷാമവും രൂക്ഷമാണ്. കടകൾ മിക്കതും കൊള്ളയടിക്കപ്പെട്ടു. കൊള്ളയും കൊള്ളിവയ്പും എങ്ങും തുടരുകയാണ്.