കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മരണത്തിൽ രോഷാകുലരായ ജനക്കൂട്ടം പോലീസുകാരെ മർദിച്ചു. പൊതുസ്വത്ത് നശിപ്പിച്ച പ്രതിഷേധക്കാർ കാളിയഗഞ്ച് പൊലീസ് സ്റ്റേഷനും വാഹനങ്ങൾക്കും തീയിടുകയും ചെയ്തു. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള് പുറത്തുവന്നു.
ഒരു വീഡിയോയിൽ, രോഷാകുലരായ ജനക്കൂട്ടം ബംഗാൾ പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുന്നത് കാണാം. ദിനാജ്പൂരിൽ ഗോത്രവർഗക്കാരിയായ രാജ്ബോങ്ഷി പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായതിന് പിന്നാലെയാണ് സംഭവം. പ്രായപൂർത്തിയാവാത്ത പെൺകുട്ടി ബലാത്സംഗത്തിന് ഇരയായാണ് മരിച്ചതെന്ന് വ്യാജ വാർച്ച പ്രചരിപ്പിച്ചതിന് പിന്നാലെയായിരുന്നു പ്രതിഷേധവും അക്രമവും.
ചൊവ്വാഴ്ച, ഗോത്രവർഗ കാംതപുരി സംഘടനകൾ കലിയഗഞ്ച് പോലീസ് സ്റ്റേഷൻ ഘരാവോ ചെയ്തു. പോലീസ് സ്റ്റേഷന് തീയിടുക മാത്രമല്ല, നിരവധി പോലീസ് വാഹനങ്ങളും സ്റ്റേഷനോട് ചേർന്നുള്ള പോലീസ് ക്വാർട്ടേഴ്സുകളും അവർ കത്തിക്കുകയും ചെയ്തു. ബഹളത്തിനിടെ സമരക്കാർ പോലീസുകാർക്ക് നേരെ കല്ലേറും നടത്തി.
ആക്രമണത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അപലപിച്ചു. ഇന്നലെ നടന്ന ഗുണ്ടായിസവും പൊലീസിനെതിരായ ആക്രമണവും പൊതുസ്വത്ത് നശിപ്പിക്കലും സംബന്ധിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാൻ ഞാൻ പൊലീസിനോട് ആവശ്യപ്പെടും- മമത ബാനർജി പറഞ്ഞു.
“ബിജെപി ബീഹാറിൽ നിന്ന് ആളുകളെ കൊണ്ടുവന്ന് പോലീസ് സ്റ്റേഷൻ തീയിട്ട് അക്രമത്തിന് പ്രേരിപ്പിച്ചു. അതൊരു പദ്ധതിയായിരുന്നു. ഡൽഹി (കേന്ദ്രം) അവരുടെ പിന്നിൽ ഉള്ളതിനാൽ ബിജെപി ഗുണ്ടായിസം നടത്തുകയാണ്, ”അവർ ആരോപിച്ചു.
പ്രതിഷേധക്കാരുടെ ഗുണ്ടായിസം ഉണ്ടായിട്ടും പോലീസ് ഉദ്യോഗസ്ഥർ സംയമനം പാലിച്ചുവെന്നും ഇടതുമുന്നണി ഭരണകാലത്തെപ്പോലെ വെടിയുതിർത്തില്ലെന്നും ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് (ടിഎംസി) വക്താവ് കുനാൽ ഘോഷ് പറഞ്ഞു.
কালিয়াগঞ্জ।
এই গুন্ডামির পরেও পুলিশ সংযত ছিল, গুলি চালায়নি।
বামফ্রন্টের পুলিশ হলে গুলিতে মৃত্যুর মিছিল হত, যেমন হয়েছিল বারবার।
হামলাকারীদের গ্রেপ্তার চাই। যারা প্ররোচনা দিয়েছে, তাদেরকেও ধরা দরকার।
ধর্ষণের মিথ্যা কথা রটানো, উত্তেজনা ছড়িয়ে এই হামলা কঠোর শাস্তিযোগ্য। pic.twitter.com/ogrww28IAG— Kunal Ghosh (@KunalGhoshAgain) April 26, 2023
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന് വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും പ്രദേശത്ത് അനാവശ്യമായി സംഘർഷം പടർത്തുകയും ചെയ്യുന്നവരെ പിടികൂടേണ്ടതുണ്ടെന്ന് കുനാൽ ഘോഷ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ട്യൂഷനു പോയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായത്. തുടർന്ന് മൃതദേഹം ഒരു കനാലിന് സമീപം കണ്ടെത്തിയതിന് അടുത്ത ദിവസം കാളിയഗഞ്ചിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നായിരുന്നു പലരുടേയും പ്രചരണം.
എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി വിഷം കഴിച്ചാണ് മരിച്ചതെന്നും ബലാത്സംഗത്തിന് ഇരയായതായി തെളിയിക്കുന്ന മുറിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ഡോക്ടർമാർ കണ്ടെത്തി.