ന്യൂഡൽഹി: ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനിൽനിന്നുള്ള ആദ്യ സംഘം ഡൽഹിയിലെത്തി. സൗദി അറേബ്യയിലെ ജിദ്ദയിൽനിന്ന് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ വിമാനത്തിൽ 367 പേരാണ് ഉള്ളത്. ഓപ്പറേഷൻ കാവേരി വഴി ഡൽഹിയിൽ എത്തിച്ച ആദ്യ സംഘത്തിൽ19 മലയാളികളുണ്ട്. ഡൽഹിയിലെത്തിയ മലയാളികളെ പ്രത്യേക വാഹനത്തിൽ കേരള ഹൗസിലേക്ക് കൊണ്ടുപോകും.
മൂവായിരത്തോളം ഇന്ത്യക്കാരാണ് സുഡാനിലുള്ളതെന്നാണ് കണക്ക്. ഇതിൽ ഭൂരിപക്ഷവും തലസ്ഥാനമായ ഖാർത്തൂമിലാണ്. ഇതിൽ 800 പേരെയാണ് ആദ്യ ഘട്ടത്തിൽ ഒഴിപ്പിക്കുന്നത്. മുഴുവൻ ഇന്ത്യക്കാരെയും എത്രയും വേഗം സുഡാനിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പുരോഗമിക്കുകയാണ്. സുഡാനില്‍ നിന്ന് എത്തിയവര്‍ക്ക് ജിദ്ദയിലെ ഇന്റര്നാഷൻൽ ഇന്ത്യന്‍ സ്കൂളിലാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്.
രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഇന്ത്യൻ സംഘത്തെ ജിദ്ദയിൽനിന്ന് ഡൽഹിയിലേക്കു കയറ്റിവിട്ടത്. പോർട്ട് സുഡാനിൽനിന്ന് ജിദ്ദയിൽ എത്തി വിശ്രമത്തിനുശേഷം പ്രത്യേക വിമാനത്തിൽ യാത്ര തുടരുകയായിരുന്നു. സൗദി എയർലൈൻസ് SV3620 വിമാനം രാത്രി ഒൻപതരയോടെയാണ് ഡൽഹിയിലെത്തിയത്.