കോഴിക്കോട്: കാക്കണഞ്ചേരി കോളനിയിൽ മരിച്ച ലീലയുടെത് കൊലപാതകം തന്നെ. ലീലയുടെ സഹോദരി ഭർത്താവ് കൂടിയായ രാജനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി.
മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊന്നത് കഴുത്ത് ഞെരിച്ചെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തൽ. ലീലയെ 20 ദിവസമായി കാണാനില്ലായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
2019-ലാണ് ലീലയുടെ മകൻ രോണുവിനെ സഹോദരീ ഭർത്താവ് രാജൻ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. ഈ കേസിൽ ജയിലിൽ ആയിരുന്ന രാജൻ ഒരുമാസം മുമ്പാണ് കോളനിയിൽ തിരികെ എത്തിയത് എന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് പറഞ്ഞു. കേസിൽ തിരിച്ചെത്തിയ ശേഷം രാജൻ ലീലയുടെ കുടുംബവുമായി അടുപ്പം പുലർത്തിയിരുന്നു.
ലീലയെ മരിച്ച നിലയിൽ കാണപ്പെടുന്നതിന്റെ 20 ദിവസം മുമ്പ് ലീലയും ഭർത്താവ് രാജഗോപാലനും സഹോദരി ഭർത്താവ് രാജനും ഉൾപ്പടെ അഞ്ച് പേരാണ് പ്രദേശത്തെ അമരാട്മല കയറിയത്. വനവിഭവങ്ങൾ ശേഖരിക്കാനാണ് ഇവർ മലകയറിയതെന്നാണ് കോളനിയിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ തിരിച്ചെത്തിയപ്പോൾ ലീല കൂടെ ഇല്ലായിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം കോളനിയിൽ എത്തിയ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷാണ് ലീല കോളനിയിൽ ഇല്ലെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
ലീലയുടെ കൊലപാതകത്തിൽ രാജന് പങ്കുള്ളതായി ചിലർ മൊഴി നൽകിയിരുന്നു. പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് വനത്തിനുള്ളിൽ നടത്തിയ തെരച്ചിലിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.