പ്രിയ നടന് മാമുക്കോയയുടെ വിയോഗത്തിൽ വിങ്ങി മലയാള സിനിമ ലോകം. നാലു പതിറ്റാണ്ടോളം മലയാളികളെ ചിരിപ്പിച്ച മഹാനടൻ ഇനി ഇല്ല എന്നത് ഓരോ സിനിമാ പ്രേമികളുടെയും ഉള്ളിൽ നോവുണർത്തുന്നു. സിനിമാ- സാംസ്കാരിക രംഗത്തെ നിരവധി പേരാണ് പ്രിയ നടന് അനുശോചനം അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്. സഹപ്രവർത്തകരായ മമ്മൂട്ടി, പൃഥ്വിരാജ്, വിജയരാഘവൻ, മോഹൻലാൽ, മുകേഷ്, തുടങ്ങി നിരവധി താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
‘പ്രിയപ്പെട്ട മാമുക്കോയക്ക് ആദരാഞ്ജലികൾ’, എന്നാണ് മമ്മൂട്ടി കുറിച്ചത്.
‘മാമുക്കോയ സാർ സമാധാനത്തിൽ വിശ്രമിക്കൂ! നിങ്ങളുമായി ഒന്നിലധികം തവണ സ്ക്രീൻ സ്പെയ്സ് പങ്കിടാനുള്ള അവസരം എനിക്ക് ലഭിച്ചു. കുരുതി എന്ന ചിത്രത്തിലെ മൂസയെ എക്കാലവും നെഞ്ചേറ്റുന്ന ഒരു ഓർമ്മയായിരിക്കും. ഇതിഹാസം’, എന്ന് പൃഥ്വിരാജും കുറിച്ചു.
നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയയെന്ന് മോഹന്‍ലാല്‍. മലബാർ ശൈലിയെ തനിമ ചോരാതെ തികച്ചും സ്വാഭാവികമായി ഈ അതുല്യപ്രതിഭ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമ മുതൽ അടുത്തിടെ പ്രിയദർശൻ സംവിധാനം ചെയ്ത ഓളവും തീരവും വരെ എത്രയെത്ര ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായത്. ആ നിഷ്കളങ്കമായ ചിരി ഒരിക്കലും മായാതെ എന്നെന്നും മനസിൽ നിറഞ്ഞുനിൽക്കും. മലയാള സിനിമയ്ക്ക് തീരാനഷ്ടമായി മാറിയ അദ്ദേഹത്തിൻ്റെ വേർപാടിൽ ആദരാഞ്ജലികൾ… എന്നും മോഹന്‍ലാലിന്റെ വാക്കുകള്‍.
‘നന്ദി. ഞങ്ങൾക്ക് സമ്മാനിച്ച ചിരികൾക്ക്. കുഞ്ഞിരാമായണത്തിലും ഗോദയിലും മിന്നൽ മുരളിയിലും ഇക്കയോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചു എന്നത് വലിയ ഭാഗ്യമായി കരുതുന്നു. ആദരാഞ്ജലികൾ’, എന്ന് ബേസിൽ ജോസഫ് കുറിച്ചപ്പോൾ, ‘മറ്റൊരു ഇതിഹാസം കൂടി നല്ല ഓർമ്മകൾ ബാക്കിവെച്ച് വിടപറയുന്നു..’, എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചത്.
‘പ്രിയപ്പെട്ട മാമുക്കോയക്ക് ആദരാഞ്ജലികൾ..മറക്കില്ല മലയാളികൾ…ഒരിക്കലും’, എന്നാണ് സുരേഷ് ഗോപി കുറിച്ചത്. ‘ഇങ്ങളും പോയോ ഇക്കാ..’, എന്നാണ് ഹരീഷ് പേരടി കുറിച്ചത്.
‘ഒരു സുവർണ്ണ കാലഘട്ടത്തിലെ അഭിനേതാക്കൾ ഒന്നൊന്നായി സ്വർഗത്തിലേക്ക് പോകുന്നത് സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത ശൂന്യത അവശേഷിപ്പിച്ചുകൊണ്ട് എന്ന് വിശ്വസിക്കാനാവുന്നില്ല. കമലദളത്തിന് ശേഷം ഗസൽ, പെരുമഴക്കാലം, ഏഴാമത്തേവരവ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ Ksfdc, നിള നിർമ്മിച്ച സിനിമയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് ഹൃദയംഗമമായ അനുശോചനവും അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു’, എന്നാണ് വിനീത് കുറിച്ചത്. “തനത് എന്ന വാക്കിന്റെ അഭ്രലോകത്തിലെ ഒരു പര്യായം“, എന്ന് മുരളി ഗോപി കുറിച്ചത്.
നിരവധി ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ച മുകേഷും മാമുക്കോയയുടെ വിലാപത്തില്‍ പങ്കുചേര്‍ന്നു. മാമൂക്കാ, മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത മറ്റൊരാൾ കൂടി യാത്രയായി… ഇന്നസെന്റ്- മാമുക്കോയ എന്ന ഒരേക്കാലത്തെ രണ്ട് മഹാ നടന്മാർ ഒന്നിനുപുറകെ ഒന്നായി അരങ്ങൊഴിഞ്ഞു… ഇതെനിക്ക് വ്യക്തിപരമായും നികത്താൻ ആവാത്ത നഷ്ടം തന്നെയാണ്… മാമുക്കാക്ക് ആദരാഞ്ജലികൾ