തിരുവനന്തപുരം : കെൽട്രോണിനെതിരായി ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. എഐ ക്യാമറയുമായി ബന്ധപ്പെട്ട് കെൽടോണുമായി ചേർന്ന് ഉയർന്ന വിവാദം അന്വേഷിക്കാൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ നിയോഗിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പരാതിയിലെ വിജിലൻസ് അന്വേഷണത്തിന് സഹായകമായി ഫയലുകളെല്ലാം കൊടുക്കാൻ നിർദ്ദേശിച്ചതായും മന്ത്രി വിശദീകരിച്ചു.
വിജിലൻസ് അന്വേഷണം കെൽട്രോണിനെതിരെയല്ല. ഉദ്യോഗസ്ഥനെതിരെയാണ്. ഉദ്യോഗസ്ഥനെതിരായ പരാതിയിലൊന്ന് എഐ ക്യാമറയുമായി ബന്ധപ്പെട്ടുള്ളതാണ്. സാധാരണ ഗതിയിൽ ഉപകരാറുകൾ നൽകുന്നത് ഗതാഗത വകുപ്പിനെ അറിയിക്കേണ്ടതില്ല. സേഫ് കേരളയിൽ നല്ല മുന്നേറ്റം കേരളത്തിന് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒന്നേകാൽ ലക്ഷം നിയമ ലംഘനങ്ങളുടെ കുറവ് ഏഴ് ദിവസം കൊണ്ട് ഉണ്ടായെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കി.
ഉമ്മൻചാണ്ടി 100 ക്യാമറ സ്ഥാപിച്ചതിന് 40 കോടി ചെലവാക്കിയെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി രാജീവ് ആരോപിച്ചു. സർക്കാരിന് മറച്ചുവെക്കാൻ ഒന്നുമില്ലെന്നും പദ്ധതിയുടെ ടെണ്ടർ രേഖകൾ പൊതുമധ്യത്തിലുണ്ടെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
എ.ഐ ക്യാമറാ വിവാദത്തിൽ കെൽട്രോണിന്റെ വാദങ്ങൾ ഓരോന്നായി പൊളിയുകയാണ്. ഫെസിലിറ്റി മാനേജ്മെൻ്റിനായി 81 കോടി രൂപ മാറ്റിയെന്ന കെൽട്രോൺ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത് വന്നിട്ടുണ്ട്. ഒരു ക്യാമറയ്ക്ക് 4 ലക്ഷം രൂപ ചിലവായെന്ന വാദവും തെറ്റെന്ന് രേഖകൾ തെളിയിക്കുന്നു.
ക്യാമറ പദ്ധതിക്കായി 232 കോടി രൂപ ചെലവായെന്ന സർക്കാർ വാദവും പൊളിയുകയാണ്. സേഫ് കേരളയുടെ ഈ പദ്ധതിക്കായി 151 കോടി മാത്രമാണ് ചെലവായതെന്ന് രേഖകൾ സൂചിപ്പിക്കുന്നു. 151 കോടിക്ക് പുറമേ 81 കോടി രൂപ കുടി ഫെസിലിറ്റി മാനേജ്മെൻ്റിന് മാറ്റി എന്നായിരുന്നു കെൽട്രോൺ നിലപാട്. എന്നാൽ ഫെസിലിറ്റി മാനേജ്മെൻറ് ഉൾപ്പെടെയാണ് 151 കോടിക്ക് എസ്ആർഐ റ്റിക്ക് കരാർ നൽകിയത്. കൺട്രോൾ റൂം സംവിധാനം ഉൾപ്പെടെ സജ്ജമാക്കിയതും ഇതേ 151 കോടി രൂപയിൽ നിന്നാണ്. ഇതിൽനിന്നുള്ള ലാഭത്തിന്റെ 60% പ്രസാഡിയോക്കെന്നും കരാറിൽ പറയുന്നു.