കൊൽക്കത്ത: ശുചിമുറിയിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ജനാലയിലൂടെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. കൊൽക്കത്തയിൽ കസബ മേഖലയിലാണ് സംഭവം. യുവതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറയുന്നു.
ശുചിമുറിയിൽ പോയ യുവതി അവിടെ വച്ച് പ്രസവിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ആശയക്കുഴപ്പത്തിലായ താൻ കുഞ്ഞിനെ ജനാല വഴി പുറത്തേക്ക് എറിയുകയായിരുന്നു എന്ന് യുവതി മൊഴി നൽകിയതായി പൊലീസ് പറയുന്നു. ജനൽ ചില്ല് തകർത്താണ് കുഞ്ഞ് പുറത്തുവീണത്. നവംബറിൽ വിവാഹം നടന്ന യുവതിയുടെ ഭർത്താവ് മദ്യപാനിയാണ്.
താൻ ഗർഭിണിയായിരുന്ന കാര്യം അറിയില്ലായിരുന്നു എന്ന് യുവതി മൊഴിനൽകി. ആർത്തവചക്രത്തിൽ മാറ്റം ഉണ്ടായിരുന്നില്ല എന്നും യുവതി പറഞ്ഞതായി പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.