പാലക്കാട്: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ എംപിയുടെ പോസ്റ്റർ പതിച്ച് കോൺഗ്രസ് പ്രവർത്തകർ. വി.കെ. ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററാണ് പതിച്ചത്. ട്രെയിൻ ഷൊർണൂർ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. എംപിയുടെ കൂടെയെത്തിയ അനുയായികളാണ് പോസ്റ്റർ ഒട്ടിച്ചത്. ആർപിഎഫ് ഉദ്യോഗസ്ഥർ ട്രെയിനിൽനിന്നും പോസ്റ്റർ നീക്കം ചെയ്തു.
അതേസമയം, പോസ്റ്റർ പതിപ്പിക്കാൻ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. തന്റെ അറിവോടെയല്ല പോസ്റ്റർ പതിപ്പിച്ചതെന്ന് വി.കെ. ശ്രീകണ്ഠനും പ്രതികരിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ കൈവശം പശയോ കവറോ ഉണ്ടായിരുന്നില്ല. മഴസമയത്ത് ഫോട്ടോയെടുക്കാൻ ആരെങ്കിലും ചിത്രം ഗ്ലാസ്സിൽ ചേർത്തുവച്ചതാകാമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
കോൺഗ്രസ് പ്രവർത്തകരുടെ പ്രവർത്തിക്കെതിരെ വലിയ വിമർശമാണ് ഉയരുന്നത്. ഉദ്ഘാടനം ചെയ്ത ദിവസം തന്നെ സ്വന്തം പോസ്റ്റർ പതിപ്പിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ട്രെയിനിനെ നശിപ്പിക്കാൻ നശിപ്പിക്കാൻ ശ്രമിച്ചതിന് ശ്രീകണ്ഠൻ എംപിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി നേതാവ് കൃഷ്ണദാസ് ആവശ്യപ്പെട്ടു. ഇത് ഒരു കാരണവശാലും അനുവദിച്ചുകൂടാ. ചെയ്തവർക്ക് എതിരെയും ചെയ്യിപ്പിച്ച നേതാവിനെതിരെയും പൊതു മുതൽ നശിപ്പിച്ചതിന് കേസ് എടുക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
നേരത്തെ വന്ദേഭാരതിന് ഷൊര്‍ണൂരിൽ സ്റ്റോപ്പ് അനുവദിക്കാതിരുന്ന വേളയിൽ വി കെ ശ്രീകണ്ഠൻ എംപി ഇടപെടുകയും റെയിൽവേ മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
ഷൊർണൂരിൽ സ്റ്റോപ്പ് ഇല്ലെങ്കിൽ തിരുവനന്തപുരത്തു നിന്നുള്ള വന്ദേഭാരത് ട്രെയിന്‍ തടയുമെന്ന് വി.കെ ശ്രീകണ്ഠൻ മുൻപ് പറഞ്ഞിരുന്നു. “വന്ദേഭാരതിന് നരേന്ദ്ര മോദി തിരുവനന്തപുരത്ത് പച്ചക്കൊടി കാണിക്കും. ട്രെയിന്‍ പുറപ്പെടും. ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലെങ്കില്‍ ട്രെയിന്‍ അവിടെയെത്തുമ്പോള്‍ പാലക്കാട് എം.പി ചുവപ്പുകൊടി കാണിക്കും”- എന്നായിരുന്നു വി.കെ ശ്രീകണ്ഠന് പറഞ്ഞത്.
അവസാനം ഷെഡ്യൂൾ പ്രസിദ്ധീകരിച്ച വേളയിൽ വന്ദേ ഭാരതിന്റെ ഷൊര്‍ണൂരിൽ സ്റ്റോപ്പ് അനുവദിക്കപ്പെടുകയും ചെങ്ങന്നൂരും തിരൂരും ഒഴിവാക്കുകയുമായിരുന്നു.