ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും സിനിമയിൽ വിലക്ക്. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എന്നിവര്‍ ചേര്‍ന്ന് നടത്തിയ യോഗത്തിന് പിന്നാലെയാണ് തീരുമാനം. ഈ താരങ്ങളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ അറിയിച്ചു.
ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ഈ താരങ്ങള്‍ ഉണ്ടാക്കിയതിന്റെ ഭാഗമായിട്ടാണ് നടപടി എന്ന് നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടന വ്യക്തമാക്കി. സെറ്റിൽ താരങ്ങളുടേത് മോശം പെരുമാറ്റമെന്നും സിനിമകളുമായി സഹകരിക്കില്ലെന്നും സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി.
മയക്കുമരുന്നിന് അടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്നും രണ്ടു നടൻമാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാർത്താസമ്മേളനത്തിൽ നിർമാതാവ് രഞ്ജിത് പറഞ്ഞു. ഇപ്പോൾ ഡബ്ബിങ് നടക്കുന്ന സിനിമകൾ ഇവർക്ക് പൂർത്തിയാക്കാം. പുതിയ സിനിമകൾ നിർമാതാക്കൾക്ക് അവരുടെ സ്വന്തം തീരുമാനത്തിൽ ഇവരെ വച്ച് ചെയ്യാമെന്നും അതിൽ സംഘടനയുടെ യാതൊരു പരിഗണനയും ഉണ്ടായിരിക്കില്ലെന്നും രഞ്ജിത് പറഞ്ഞു.
ലഹരി മരുന്ന് ഉപയോഗിക്കുന്ന നിരവധിപ്പേരുണ്ട് സിനിമ മേഖലയിൽ. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല. ഈ രണ്ടു നടൻമാരുടെ കൂടെ അഭിനയിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും സഹിക്കാനാവാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് രഞ്ജിത് കൂട്ടിച്ചേർത്തു.
രാസലഹരി ഉപയോഗിക്കുന്ന ഒരുപാട് പേര് സിനിമയിലുണ്ടെന്നും ഇതിന് കടിഞ്ഞാണിടണമെന്നും നിര്‍മാതാവ് രഞ്ജിത്ത് പറഞ്ഞു. ഇവരുടെ പേരുകള്‍ സര്‍ക്കാരിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. സിനിമ ഇൻഡസ്ട്രി നന്നാകാൻ വേണ്ടിയാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.
സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങൾ സർക്കാരിന് നൽകുമെന്നും നിർമാതാക്കളുടെ പരാതിയിൽ കഴമ്പുണ്ടെന്നും ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു.