ആലപ്പുഴ: വ്യാജ അഭിഭാഷകയായി ആള്‍മാറാട്ടം നടത്തിയ സെസി സേവ്യര്‍ മാസങ്ങൾക്ക് ശേഷം കോടതിയില്‍ കീഴടങ്ങി. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇന്ന് കീഴടങ്ങിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. വ്യാജ രേഖകള്‍ ഉപയോഗിച്ച് പ്രാക്ടീസ് ചെയ്തതിനാണ് സെസി സേവ്യര്‍ക്കെതിരെ കേസെടുത്തത്. എല്‍ എല്‍ ബി പാസാകാത്ത സെസി സേവ്യര്‍ വ്യാജ എന്റോള്‍മെന്റ് നമ്പര്‍ ഉപയോഗിച്ചുകൊണ്ടാണ് പ്രാക്ടീസ് നടത്തിയിരുന്നത്.
ഇത് കണ്ടെത്തിയ ബാര്‍ അസോസിയേഷന് സെസിയെ പുറത്താക്കി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോള്‍ നമ്പര്‍ ഉപയോഗിച്ചാണ് സെസി പ്രാക്ടീസ് നടത്തിയിരുന്നതെന്നും തെളിഞ്ഞിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ സെസി ഒളിവില്‍ പോയി. പിന്നീട് ആലപ്പുഴ സിജെഎം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയെങ്കിലും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയെന്നറിഞ്ഞതോടെ ഹാജരാകാതെ മുങ്ങുകയായിരുന്നു.
തുടർന്ന് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളി. പൊതുസമൂഹത്തെയും നീതിന്യായ വ്യവസ്ഥയെയും വഞ്ചിച്ച സെസി സേവ്യർ, അടിയന്തരമായി കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. മറ്റൊരാളുടെ റജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് സെസി എൻറോൾ ചെയ്തതായി രേഖയുണ്ടാക്കിയത്.
രണ്ട് വർഷത്തോളം ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്തുവന്ന ഇവർ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിലും ജയിച്ചിരുന്നു. നിരവധി കേസുകളിൽ ഇവരെ അഭിഭാഷക കമ്മീഷനായും നിയമിച്ചു. യോഗ്യതാ രേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്ന ഇവര്‍ക്കെതിരെ ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നോർത്ത് പൊലീസ് കേസെടുത്തിരുന്നു.ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു പരാതി.