കഠ്മണ്ഡു: ഫ്‌ളൈ ദുബൈ വിമാനത്തിന് തീ പിടിച്ചു. കാഠ്മണ്ഡുവിൽ നിന്ന് പറന്നുയർന്ന വിമാനത്തിനാണ് തീ പിടിച്ചത്. തുടർന്ന് അധികൃതർ പരിഭ്രാന്തിയിലായെങ്കിലും നിലവിൽ തകരാർ പരിഹരിച്ച് വിമാനം ദുബായിലേക്ക് തന്നെ യാത്രയായിട്ടുണ്ട്.
169 യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിനാണ് തീ പിടിച്ചത്. എഞ്ചിൻ തകരാറാണ് തീ പിടുത്തമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക വിവരം. എന്നാൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഉടൻ തന്നെ അടിയന്തര ലാൻഡിങ്ങിനായി വിമാനത്താവളത്തിൽ അറിയിപ്പു നൽകിയെങ്കിലും, അതിനു മുൻപേ പ്രശ്നം പരിഹരിച്ചു. തീപിടിച്ച എൻജിൻ ഉടൻ ഓഫ് ചെയ്തതോടെ തീ അണഞ്ഞതായി അധികൃതർ അറിയിച്ചു. അപകടമില്ലെന്ന് ഉറപ്പാക്കിയ ശേഷം അടിയന്തര ലാൻഡിങ് കൂടാതെ തന്നെ യാത്ര തുടരാൻ തീരുമാനിക്കുകയായിരുന്നു.
രാത്രി 9.25നാണ് വിമാനത്തിന് തീപിടിച്ചതായി വിവരം ലഭിച്ചത്. വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഉടൻ വിമാനത്തിന് തീപിടിച്ച ദൃശ്യം ഒട്ടേറെയാളുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നേപ്പാൾ വ്യോമയാന മന്ത്രി സുദൻ കിരാതിയും ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
















