കെ.കെ മേനോന്‍
മനുഷ്യന്റെ അവസാന യാത്രയിൽ, പ്രാർത്ഥനകളോടെ, ഹൃദയത്തിൽ നിന്നുയരുന്ന മൂക വിലാപങ്ങളോടെ, ആ വിയോഗങ്ങളിൽ നാം അറിയാതെ പങ്കുചേരുന്നു. വേർപാടിന്റെ ദുഃഖങ്ങളിൽ നിന്നുയർന്നുവരുന്ന ആത്മഗതങ്ങൾ, മനസ്സിന്റെ അഗാധതലങ്ങളിൽ നമ്മെ ഏറെ വ്യാകുലപ്പെടുത്തുന്നു.
വേദനയും വിരഹവും സന്തോഷവും പ്രണയവും പ്രതീക്ഷയും എല്ലാം ഈ ലോകത്തിലെ എല്ലാ ജീവജാലങ്ങൾക്കും ഉണ്ടെന്ന ഒരു വിശ്വാസമാണ് ഈ കുറിപ്പ് എഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്. മനുഷ്യൻ(കുറെ പേരെങ്കിലും)ഒരു സ്വാർത്ഥ ജീവിയാണെന്ന് പറയട്ടെ. അവന്റേതൊഴികെ, അല്ലെങ്കിൽ മനുഷ്യന്റെതൊഴികെ, ഈ പ്രപഞ്ചത്തിലെ മറ്റൊരു ജീവജാലങ്ങളുടെ, വികാരവിചാരങ്ങളെ കുറിച്ചും അവൻ ബോധവാൻ അല്ല, ആവാൻ ശ്രമിക്കുന്നുമില്ല. ഒരുപക്ഷേ അതൊരു ന്യായീകരണമല്ലേ എന്നവൻ കരുതുന്നില്ലായിരിക്കാം.
ഇനി എന്റെ കുറുപ്പിലേക്ക് വരാം. ഇതൊരു കുടമുല്ലപ്പൂ ചെടിയുടെ കഥയാണ്. വർഷങ്ങൾക്കു മുൻപ് പാലക്കാട്ടിലെ ഒരു വീട്ടിലെ മുത്തശ്ശി നട്ടുവളർത്തിയ കുടമുല്ല പൂച്ചെടി. ഇനി അവളുടെ ചിന്തകളിലൂടെ നമുക്ക് വായിച്ചു നീങ്ങാം…..
എനിക്ക് ഓർമ്മവച്ച നാൾ മുതൽ ഞാൻ എപ്പോഴും ആ മുത്തശ്ശിയെ കാത്തിരിക്കാറുണ്ട്. സ്നേഹാധിക്യത്താൽ അമ്മിണി എന്നാണ് അവർ എനിക്ക് പേരിട്ടത്. എല്ലാവരും വിളിക്കുന്ന മാതിരി ഞാനും അവരെ ‘അമ്മുമ്മ’ എന്ന് മനസ്സിൽ പറഞ്ഞു തുടങ്ങി. രണ്ടുനേരം എനിക്ക് കുടിക്കുവാൻ വെള്ളമൊഴിച്ചു തരും.. പിന്നെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ വേറെയും. വെയിലിൽ വാടി തളരാതെ ഇരിക്കുവാൻ ഒരു പന്തലും.. അങ്ങിനെ സന്തോഷപൂർവ്വം ഞാൻ ആ വീട്ടിൽ വളർന്നു വലുതായി. ആ വീട്ടിലെ ഒരു അംഗമായി കഴിഞ്ഞു എന്ന് ഞാൻ മനസ്സിലാക്കി തുടങ്ങിയിരുന്നു. വീട്ടിൽ വരുന്ന അതിഥികൾക്കെല്ലാം എന്നെ പരിചയപ്പെടുത്തുവാൻ അമ്മൂമ്മ മറക്കാറില്ല. പലപ്പോഴും എന്റെ പേര് വിളിച്ച് തൊട്ടു തലോടി ക്കൊണ്ടു ഓരോ മൂളിപ്പാട്ടും പാടി അവർ നിൽക്കാറുണ്ട്. ജീവിതത്തിലെ നല്ല കാലങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന ദിവസങ്ങൾ. കുറെ നല്ല അയൽവാസികൾ ഉണ്ടായിരുന്ന ആ പൂന്തോട്ടത്തിൽ എനിക്ക് ഒരു പ്രത്യേക സ്ഥാനമായിരുന്നു. അതിലേറെ അസൂയാലുക്കളും ഉണ്ടായിരുന്നു. കാലാവസ്ഥയുടെ മാറ്റങ്ങൾ ചിലപ്പോൾ താങ്ങാവുന്നതിലും കൂടുതലായിരുന്നു. പക്ഷേ അമ്മൂമ്മയുടെ പരിലാളനങ്ങൾ കാരണം അതൊന്നും എന്നെ ബാധിച്ചില്ല.
അങ്ങനെ മാസങ്ങൾ പലതും കടന്നു പോയപ്പോൾ എന്നിലും വലിയ മാറ്റങ്ങൾ പ്രകടമായി കൊണ്ടേയിരുന്നു. ആദ്യമായി എന്നിൽ ഒരു കുടമുല്ല പൂമൊട്ടു വിരിഞ്ഞു വന്നു. ഞാൻ ഏറ്റവും സന്തോഷിച്ച ദിവസം… അമ്മൂമ്മയെ കൂടാതെ നിരവധി അതിഥികൾ എന്നെ കാണുവാൻ വന്നത് ഇപ്പോഴും ഓർക്കുന്നു. ചിലർക്ക് എന്നെ തൊട്ടു നോക്കണം, മറ്റുചിലർക്ക് മണത്തു നോക്കണം. കാണാൻ ഏറെ സൗന്ദര്യം എന്ന് ചിലർ, അതിലേറെ സൗരഭ്യം എന്ന് വേറെ ചിലർ. ദിവസങ്ങൾ കടന്നു പോയപ്പോൾ നിറയെ പൂക്കൾ എന്നിൽ വിരിഞ്ഞ് ഞാൻ പൂത്തുലഞ്ഞു. പൂക്കൾ പറിക്കുവാൻ ഏറെ ആവശ്യക്കാർ.. പക്ഷേ അമ്മൂമ്മ അതിന് ആരെയും സമ്മതിക്കാറില്ല. വൈകുന്നേരം ആവുമ്പോൾ എന്റെ പേരും വിളിച്ച് അമ്മൂമ്മ സാവധാനം നടന്ന് എന്റെ അടുത്ത് വരും. ഒട്ടും വേദനിപ്പിക്കാതെ കുറച്ചു പൂക്കൾ മാത്രം പറിച്ചെടുത്ത്, എന്നെ തൊട്ടുതലോടി ഒരു മൂളിപ്പാട്ടും പാടി നടന്നകലും.
ആ സമയത്താണ് അമ്മൂമ്മയുടെ ഒരു പേരമകൾ ആ വീട്ടിലേക്ക് വന്നത്. അതീവ സുന്ദരിയായ ആ യുവതിയെ എന്റെ പേര് പറഞ്ഞ് അമ്മുമ്മ പരിചയപ്പെടുത്തുമ്പോൾ ഞാൻ അവരുടെ മുഖത്തേക്ക് ഒന്ന് നോക്കി… ഞാൻ അന്നേവരെ കാണാത്ത സൗന്ദര്യം.. ആരെയും ആകർഷിക്കുന്ന ഒരു പുഞ്ചിരി.. ഇതിനിടയിൽ അവരുടെ സംഭാഷണം കേട്ട് ഞാനൊന്ന് നടുങ്ങിപ്പോയി.. അവർക്ക് എന്റെ ദേഹത്തുനിന്നും ഒരു കമ്പ് മുറിച്ചെടുത്ത് കൊടുക്കാമോ എന്നാണ് അവർ ചോദിച്ചത്. കുറച്ചു ദൂരെയുള്ള അവരുടെ വീട്ടിൽ കൊണ്ടുപോയി വെച്ചുപിടിപ്പിക്കാനാണത്രേ. എന്റെ വിസമ്മതം തലകുലുക്കി ഞാൻ ആവുന്ന വിധത്തിൽ അമ്മൂമ്മയെ അറിയിക്കുവാൻ ശ്രമിച്ചു.. എനിക്ക് അതിനല്ലേ കഴിയൂ.അപ്പോൾ ഞാൻ ആഗ്രഹിച്ചു, ഒന്ന് സംസാരിക്കുവാൻ കഴിഞ്ഞെങ്കിൽ എന്ന്.
ഞാൻ പ്രതീക്ഷിച്ച മാതിരി തന്നെ സംഭവിച്ചു. അന്ന് രാവിലെ അമ്മൂമ്മയും ആ ചേച്ചിയും ഒരു കത്തിയുമായി എന്റെ അരികിൽ വന്നു. എന്റെ ദേഹത്തുനിന്നും ഒരു ചെറിയ കമ്പ് മുറിച്ചെടുത്തപ്പോൾ ഞാൻ വേദന കൊണ്ട് പൊട്ടിക്കരഞ്ഞു പോയി. എന്റെ രോദനം ആരു കേൾക്കാൻ? ആദ്യമായി ഞാൻ മനുഷ്യ സമൂഹത്തിന്റെ ക്രൂരത എന്താണെന്ന് അനുഭവിച്ചറിഞ്ഞു. എന്നെ ജീവനുതുല്യം സ്നേഹിച്ച അമ്മുമ്മ പോലും എന്നോട് ഒരു ദയയും കാണിച്ചില്ല എന്നോർത്തപ്പോൾ ഞാൻ കൂടുതൽ ദുഃഖിതയായി. ആ സമയം അമ്മുമ്മയുടെ കണ്ണുകൾ നനയുന്നത് ഞാൻ ശ്രദ്ധിച്ചു. എന്നെ തലോടിക്കൊണ്ട് അവർ സമാശ്വസിപ്പിച്ചു.. അമ്മിണി നീ വിഷമിക്കേണ്ട, എന്റെ പേരമകൾ നിന്റെ കുഞ്ഞിനെ നന്നായി നോക്കും. ഇത്രയും കേട്ടപ്പോൾ എനിക്ക് സമാധാനമായി
അന്ന് വൈകുന്നേരം തന്നെ എന്റെ കുഞ്ഞിനെ ഒരു തുണിസഞ്ചിയിൽ ആക്കി അവർ യാത്രയായി. വേർപാടിന്റെ വേദന എന്താണെന്ന് ഞാൻ ആദ്യമായി മനസ്സിലാക്കി. അത്രയും കാലം എന്റെ കൂടെ, എന്റെ ഭാഗമായി കഴിഞ്ഞ അവൾ എന്നെന്നേക്കുമായി എന്നെ വിട്ടു പിരിഞ്ഞിരിക്കുന്നു. ഞാൻ അവൾക്ക് എല്ലാ നന്മകളും നേരുമ്പോൾ ഒന്ന് ആഗ്രഹിച്ചു പോയി… ഇനി എന്നെങ്കിലും അവളെ ഒന്നു കാണുവാൻ കഴിയുമോ എന്ന്..
അമ്മയെ വിട്ടു പിരിഞ്ഞ ദുഃഖവുമായി വന്ന എനിക്ക്, പുതിയ വീടിന്റെ മുൻഭാഗത്ത് ഗേറ്റിന് സമീപം ഒരു സ്ഥലം കണ്ടെത്തി ആ യുവതി എന്നെ അവിടെ വെച്ചുപിടിപ്പിച്ചു. മണി എന്നാണ് അവർ എനിക്ക് പേരിട്ടത്. ഒന്നിനും ഒരു കുറവും വരുത്താതെ അതീവ സ്നേഹത്തോടും ശ്രദ്ധയോടും കൂടിയാണ് അവർ എന്നെ വളർത്തിയത്. ഞാൻ അവരെ ഏടത്തി എന്ന് വിളിക്കുവാൻ തുടങ്ങി, കാരണം ആ വീട്ടിലെ മറ്റെല്ലാ കുട്ടികളും അവരെ അങ്ങനെയാണ് വിളിച്ചിരുന്നത്.. എന്റെ അടുത്തുവന്ന് കുറെയധികം സമയം ചെലവഴിക്കാറുള്ള ഏടത്തി ഒരു സ്വപ്ന ജീവിയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. എന്നോട് ധാരാളം സംസാരിക്കാറുള്ള ഏടത്തി മനസ്സിലെ സ്വപ്നങ്ങളും മോഹങ്ങളും കിനാക്കളും എല്ലാം പങ്കുവെക്കാറുണ്ട്. ഞാനറിയാതെ എന്റെ മനസ്സിലും നിറയെ മോഹങ്ങൾ ഉണരുവാൻ തുടങ്ങി.. പാലക്കാടുള്ള എന്റെ അമ്മയെ ഒന്ന് കാണണമെന്നായിരുന്നു ഒരു വലിയ മോഹം.. പക്ഷേ മോഹങ്ങൾ മോഹങ്ങളായി തന്നെ മനസ്സിൽ എപ്പോഴും നിലനിന്നു.
വളരെ പെട്ടെന്ന് വർഷങ്ങൾ കടന്നു പോകുവാൻ തുടങ്ങി. എന്നെ ഏറ്റവും വിഷമിപ്പിച്ചത് ഏടത്തിയുടെ വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് ഏടത്തി യാത്ര പുറപ്പെട്ടപ്പോൾ, എന്റെ അടുത്ത് വന്ന് യാത്ര പറഞ്ഞത് ഇപ്പോഴും ഒരു തേങ്ങലോടെ മാത്രമേ ഓർക്കുവാൻ സാധിക്കുകയുള്ളൂ. എന്റെ സമ്മാനമായി, ഞാൻ എന്റെ ഏടത്തിക്ക് വേണ്ടി കരുതിയ ഒരു പൂ അവർ പറിച്ചെടുത്തപ്പോൾ ഒരിറ്റു കണ്ണുനീർ എന്റെ മേൽ പതിച്ചു..
കാലങ്ങൾ ആർക്കും കാത്തുനിൽക്കാതെ ഓടിക്കൊണ്ടേയിരുന്നു. ആ വീട്ടിലെ പലരും ഓരോ വഴിക്ക് യാത്രയായി. ഏടത്തിയുടെ അച്ഛനും അമ്മയും വേറെയൊരു ചേച്ചിയും മാത്രം ആ വീട്ടിൽ. ഞാൻ ഒറ്റപ്പെട്ട കാലങ്ങളായിരുന്നു അവ. ആരും എന്നെ കാണാൻ വരാറില്ല. ഏടത്തിയുടെ വരവുപോലും വളരെ വിരളമായിരുന്നു. ഏകാന്തതകളിൽ മനസ്സു വിങ്ങി പൊട്ടുമ്പോൾ ഒന്ന് സമാധാനിപ്പിക്കുവാൻ പോലും ആരെയും കാണാറില്ല.ഉറക്കെ നിലവിളിക്കുവാൻ തോന്നിയ രാത്രികളിൽ, ഞാൻ എടത്തിയെ കുറിച്ച് ഓർക്കാറുണ്ട്. നിലാവും പാലപ്പൂവിന്റെ മണവും മന്ദമായി വീശുന്ന കുളിർതെന്നലും എല്ലാം മനസ്സിൽ ഏറെ പ്രതീക്ഷകൾ നൽകി.. എന്നെ കാണുവാൻ ഏടത്തി വരും, കാരണം ഏടത്തിക്കേറ്റവും ഇഷ്ടമായിരുന്നു നിലാവും പാലപ്പൂവിന്റെ മണവും എല്ലാം..ആ കാത്തിരിപ്പു തുടർന്നുകൊണ്ടേയിരുന്നു..
കാലത്തിന്റെ ഒഴുക്കിൽ നിരവധി വേർപാടുകൾ, മാറ്റങ്ങൾ എനിക്ക് കാണുവാനും അനുഭവിക്കാനും കഴിഞ്ഞു. ഒരു മൂകസാക്ഷിയായി ഞാൻ ആ മുറ്റത്തു തന്നെ നിലകൊണ്ടു. എനിക്കും പ്രായമായി തുടങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവ് എന്നെ കൂടുതൽ അക്ഷമയാക്കി. ഏടത്തിയെ കണ്ട് വർഷങ്ങൾ കടന്നു പോയപ്പോഴും, കഴിഞ്ഞുപോയ സുവർണ്ണ കാലങ്ങളുടെ ഓർമ്മകൾ മനസ്സിൽ മങ്ങാതെ മായാതെ നിറഞ്ഞുനിന്നു. ജീവിതത്തിലെ നല്ല സമയങ്ങൾ ദീർഘകാലം നീണ്ടുനിൽക്കുകയില്ല എന്ന ദുഃഖസത്യം ഞാൻ മനസ്സിലാക്കി.
ഒട്ടും പ്രതീക്ഷിക്കാത്ത, ആ ദുഃഖ വാർത്ത കേട്ടപ്പോൾ ഞാൻ ആകെ തളർന്നുപോയി. ഏടത്തിയെ കാണാൻ ഏറെ മോഹിച്ച് കാത്തിരുന്ന എന്റെ മനസ്സിന് താങ്ങാവുന്നതിൽ ഉപരിയായിരുന്നു ആ വേർപാടിന്റെ വേദന. എനിക്ക് ജന്മം തന്ന ഏടത്തി എന്നെ വിട്ടു പോയിരിക്കുന്നു, എന്നെന്നേക്കുമായി. എന്റെ ദുഃഖം ആരറിയും, ആരോട് പറയും, എങ്ങിനെ പറയും? ഇങ്ങനെ ഒരായിരം ചിന്തകൾ മനസ്സിൽ നിറഞ്ഞുനിന്നു. എന്റെ ജന്മദാതാവിന്റെ കാൽക്കൽ, അശ്രു കണങ്ങളോടെ,ഒരു പിടി കുടമുല്ല പൂക്കൾ ഞാൻ വെക്കുന്നു.. ഏടത്തിയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി ഞാൻ പ്രാർത്ഥിക്കുന്നു.. ഇനിമുതൽ എന്നിൽ വിരിയുന്ന ഓരോ പൂവും എന്റെ ഏടത്തിയുടെ ഓർമ്മകൾക്ക് മുന്നിൽ ഞാൻ സമർപ്പിക്കും….
വെണ്ണിലാ ചോലയിൽ വെള്ളാമ്പൽ പൊയ്കയിൽ,
ആറാടി നിൽക്കുന്നോരപ്സരസ്സേ,
ലോലമാം ജീവിത തന്ത്രികൾ മീട്ടിയോരെൻ
കാവ്യകന്യകെ അപ്സരസ്സേ….
ഏടത്തിയുടെ സ്വന്തം
മണി