കൊല്ലം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന എ ഐ ക്യാമറ വഴിയുള്ള ട്രാഫിക്ക് പരിഷ്കാരത്തിനെതിരെ വിമർശനവുമായി ഇടതുപക്ഷ എം എൽ എയായ കെ ബി ഗണേഷ് കുമാർ രംഗത്ത്. നിയമം നടപ്പിലാക്കുന്നവർക്ക് കാറ് വാങ്ങാൻ പൈസ കാണുമെന്നും എന്നാൽ എല്ലാവർക്കും കാറ് വാങ്ങാൻ പാങ്ങില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ദമ്പതികൾ കുഞ്ഞുമായി യാത്ര ചെയ്താൽ ഫൈൻ അടിക്കുന്നത് ദ്രോഹമാണ്. ട്രോളുകളിൽ കാണും പോലെ ചാക്കിൽ കെട്ടി കൊണ്ടുപോകാൻ ആകില്ലെന്നും ഗണേഷ് പറഞ്ഞു.
നിയമം നടപ്പിലാക്കുന്നവർക്ക് കാറ് വാങ്ങാൻ പൈസ കാണും. എന്നാൽ സാധാരണക്കാർക്ക് അതില്ലെന്നത് നിയമം നടപ്പാക്കുന്നവർ അതോർക്കണം. പ്രായോഗികമല്ലാത്ത പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് വലിയ അപകടങ്ങൾ ഉണ്ടാക്കുമെന്നും കെ ബി ഗണേഷ്കുമാർ തുറന്നടിച്ചു.
അതേസമയം മോട്ടോർ വാഹന വകുപ്പിന് പിന്നാലെ സംസ്ഥാനത്ത് പൊലീസ് വകുപ്പും എഐ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. 500 ക്യാമറകൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയുടെ കരാറും കെൽട്രോണിനാണ് നൽകുന്നത്. ട്രാഫിക് നിയമ ലംഘനങ്ങൾക്കും കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ ശേഖരിക്കാനാണ് എഐ കാമറകൾ സ്ഥാപിക്കാൻ പൊലീസും തീരുമാനിച്ചത്. ഇതിന്റെ ഓർഡർ കെൽട്രോണിന് നൽകി കഴിഞ്ഞു.