കൊല്‍ക്കത്ത: ഐപിഎല്ലില്‍ തുടര്‍ച്ചയായ നാലാം തോല്‍വി വഴങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് 49 റണ്‍സിനാണ് കൊല്‍ക്കത്ത തോറ്റത്.
ചെന്നൈ ഉയര്‍ത്തിയ 236 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ ഡിവോണ്‍ കോണ്‍വെ, ശിവം ദുബെ, അജിങ്ക്യ രഹാനെ എന്നിവരുടെ അർധ സെഞ്ചുറികളുടെ കരുത്തിലാണ് വന്പൻ സ്കോർ നേടിയത്. 29 പന്തിൽ അഞ്ച് സിക്സും ആറ് ഫോറും അടക്കം 71 റണ്‍സുമായി രഹാനെ പുറത്താകാതെനിന്നു.
രഹാനെയ്ക്കൊപ്പം ശിവം ദുബെ (21 പന്തിൽ 50), ഡിവോണ്‍ കോണ്‍വെ (40 പന്തിൽ 56) എന്നിവരും ചെന്നൈ സൂപ്പർ കിംഗ്സ് നിരയിൽ തകർത്തടിച്ചു. രഹാനെയും ശിവം ദുബെയും ചേർന്ന് മൂന്നാം വിക്കറ്റിൽ വെറും 32 പന്തിൽ 85 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഋതുരാജ് ഗെയ്ക്വാദ് 35 റണ്‍സും രവീന്ദ്ര ജഡേജ 18 റണ്‍സുമെടുത്തു.
കോൽക്കത്തയ്ക്കായി കുൽവന്ത് കെജ്രോലിയ രണ്ട് വിക്കറ്റ് വീഴ്ത്തി. വരുണ്‍ ചക്രവർത്തിയും സുയേഷ് ശർമയും ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ തകര്‍ച്ച നേരിട്ട കൊല്‍ക്കത്തയ്ക്ക് പിന്നീട് ഒരു തിരിച്ചുവരവ് സാധ്യമായില്ല. എന്‍. ജഗദീശന് (1), സുനില്‍ നരെയ്ന് (0) എന്നിവരെ ആദ്യ രണ്ട് ഓവറിനുള്ളില്‍ തന്നെ അവര്‍ക്ക് നഷ്ടമായി. പിന്നാലെ കാര്യമായ സംഭാവനകളില്ലാതെ വെങ്കടേഷ് അയ്യരും (20) മടങ്ങി. ക്യാപ്റ്റന്‍ നിതിഷ് റാണയ്ക്ക് 27 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
എന്നാല്‍ നാലിന് 70 റണ്‍സെന്ന നിലയില്‍ ക്രീസില്‍ ഒന്നിച്ച ജേസണ്‍ റോയ് – റിങ്കു സിങ് സഖ്യം പൊരുതി നോക്കി. റോയ് 26 പന്തില്‍ നിന്ന് അഞ്ച് വീതം സിക്സും ഫോറുമടക്കം 61 റണ്‍സെടുത്തു. എന്നാല്‍ റോയിയെ 15-ാം ഓവറില്‍ മഹീഷ് തീക്ഷണ പുറത്താക്കിയതോടെ കൊല്‍ക്കത്തയുടെ പ്രതീക്ഷ അകന്നു.
33 പന്തില്‍ നിന്ന് നാല് സിക്സും മൂന്ന് ഫോറുമടക്കം 53 റണ്‍സുമായി പുറത്താകാതെ നിന്ന റിങ്കുവിന് സ്കോര്‍ 186-ല്‍ എത്തിക്കാനേ സാധിച്ചുള്ളൂ. ആന്ദ്രേ റസ്സലും (9) നിരാശപ്പെടുത്തി.
ചെന്നൈക്കായി തുഷാർ ദേശ്പാണ്ഡെ, തീക്ഷണ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.