അബുദാബി : യുഎഇയിലെ ഖോർഫക്കാനിൽ ബോട്ടപകടത്തിൽപ്പെട്ട് മലയാളി മരിച്ചു. കാസർക്കോട് നീലേശ്വരം സ്വദേശി അഭിലാഷ് വാഴവളപ്പിലാണ് മരിച്ചത്. 38 വയസായിരുന്നു. ഷാർജയിലെ സ്വകാര്യ കമ്പനിയിൽ ഏഴ് വർഷമായി ഹെൽപ്പറായി ജോലി ചെയ്ത് വരികയാണ് അഭിലാഷ്.
അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്നു മലയാളികൾക്ക് പരുക്കേറ്റു. ഇതിൽ തിരുവനന്തപുരം സ്വദേശിയായ കുട്ടിയുടെ നിലഗുരുതരമാണ്.
സഹപ്രവർത്തകർക്കൊപ്പം പെരുന്നാൾ അവധി ആഘോഷിക്കാൻ ഖോർഫക്കാനിലെത്തിയപ്പോഴാണ് അപകടം. പരിക്കേറ്റ മറ്റ് രണ്ടുപേരും അഭിലാഷിന്റെ സഹപ്രവർത്തകരാണ്.
16 യാത്രക്കാരും രണ്ടു ജീവനക്കാരും അടക്കം പതിനെട്ട് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. യാത്രക്കാരുടെ എണ്ണം കൂടിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. മലയാളിയാണ് ബോട്ട് ഓടിച്ചിരുന്നത്.
അഭിലാഷിന്റെ മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.