ബെംഗളൂരു: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഏഴു റൺസ് വിജയം സ്വന്തമാക്കി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ. ബാംഗ്ലൂർ ഉയർത്തിയ 190 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് ആറു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുക്കാനേ സാധിച്ചുള്ളൂ. നാലാം ജയത്തോടെ എട്ടു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബാംഗ്ലൂർ. എട്ടു പോയിന്റുള്ള രാജസ്ഥാൻ നെറ്റ് റൺറേറ്റിന്റെ ബലത്തിൽ ഒന്നാമതുണ്ട്.
ആദ്യം ബാറ്റ് ചെയ്ത ബാഗ്ലൂർ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 189 റൺസാണ് സ്വന്തമാക്കിയത്. ഫാഫ് ഡു പ്ലെസിസിന്റെയും ഗ്ലെൻ മാക്സ്വെല്ലിന്റെയും തകർപ്പൻ അടിയാണ് ബാഗ്ലൂരിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഡുപ്ലെസിയും മാക്സ്വെല്ലും അർധ സെഞ്ചറി നേടി.
ആദ്യ 13.1 ഓവറിൽ 139 റൺസെടുത്ത ബാംഗ്ലൂർ പിന്നീടുള്ള 41 പന്തുകളിൽ 50 റൺസാണ് ആകെ നേടിയത്. സ്കോർ ബോർഡില്‍ ആദ്യ 12 റൺസ് ഉയർത്തുന്നതിനിടെ രണ്ട് വിക്കറ്റുകളാണ് ബാഗ്ലൂർ നഷ്ടപ്പെടുത്തിയത്.
സൂപ്പർ താരം വിരാട് കോഹ് ലി ഗോൾഡൻ ഡക്കായി പുറത്തായി. മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ ഷഹ്ബാസും പുറത്തായി
എന്നാല്‍ നാലാം വിക്കറ്റില്‍ ഫാഫ്- മാക്സ്വെല് കൂട്ട്കെട്ട് ബാഗ്ലൂരിനെ നാണക്കേടിൽ നിന്ന് ഉയർത്തുകയായിരുന്നു. ഇരുവരും ചേർന്ന് 127 റൺസാണ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്.
എന്നാൽ 62 റൺസ് എടുത്ത ഫാഫ് ഡു പ്ലെസിസിനെ രാജസ്ഥാൻ റൺഔട്ടിൽ പുറത്താക്കി. മാക്സ്വെൽ മത്സരത്തിൽ 44 പന്തുകളിൽ 77 റൺസാണ് നേടിയത്.
രാജസ്ഥാനായി ട്രെന്റ് ബോൾട്ട്, സന്ദീപ് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആർ. അശ്വിനും യുസ്വേന്ദ്ര ചാഹലും ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനും തുടക്കം പിഴച്ചു. ആദ്യ ഓവറിൽ തന്നെ ജോസ് ബട്ട്ലറെ (0) നഷ്ടമായി. പിന്നീട് യശസ്വി ജയ്സ്വാളും ദേവദത്ത് പടിക്കലും ചേർന്ന് രാജസ്ഥാനെ മുന്നോട്ട് നയിച്ചു. പടിക്കൽ 34 പന്തിൽ 52 റണ്‍സെടുത്തു. ജയ്സ്വാൾ 37 പന്തിൽ 47 റണ്‍സും നേടി. ഇരുവരും ചേർന്ന് 98 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തു.
സഞ്ജു സാംസണ് 22 റണ്‍സും ആർ. അശ്വിൻ 12 റണ്‍സും നേടി. ധ്രുവ് ജൂറൽ പുറത്താകാതെ 16 പന്തിൽ 34 റണ്‍സെടുത്തു. അവസാന ഓവറുകളിൽ ജൂറൽ തകർത്തടിച്ചെങ്കിലും രാജസ്ഥാനെ രക്ഷിക്കാനായില്ല.
ബംഗളൂരുവിനായി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജും ഡേവിഡ് വില്ലിയും ഓരോ വിക്കറ്റും നേടി.