ബെംഗളൂരു: കർണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാർ സഞ്ചരിച്ച ഹെലികോപ്റ്ററിൽ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന. ഇന്നലെയും ഹെലികോപ്റ്ററിൽ പരിശോധന നടത്തിയിരുന്നു. ഇന്ന് ബൈന്ദൂരിലെ ഹെലിപ്പാഡിൽ വെച്ചാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്..
മൂകാംബിക ദർശനത്തിന് ശേഷം ബൈന്ദൂരിലെത്തിയപ്പോഴായിരുന്നു പരിശോധന. തെരഞ്ഞെടുപ്പ് റാലിക്കായാണ് ശിവകുമാർ ബൈന്ദൂരിലെത്തിയത്. വന്നിറങ്ങിയപ്പോൾ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്ളൈയിങ് സ്ക്വാഡ് എത്തി വിമാനത്തിനുള്ളിൽ നിന്ന് ബാഗുകളും പേപ്പറുകളുമെല്ലാം പുറത്തെടുത്ത് പരിശോധിച്ചു. പരിശോധന അരമണിക്കൂറിലധികം നീണ്ടുവെന്നാണ് റിപ്പോർട്ടുകൾ.
ഇന്നലെ ശിവകുമാറിന്റെ കുടുംബം സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിലാണ് ധരംശാലയിൽ വെച്ച് പരിശോധന നടത്തിയത്. ശിവകുമാറിന്റെ ഭാര്യ ഉഷയും മകനും മകളും മരുമകനും ധർമസ്ഥല മഞ്ജുനാഥ സ്വാമി ക്ഷേത്രത്തിൽ പ്രാർഥനയ്ക്കായാണ് ഹെലികോപ്ടറിൽ എത്തിയത്. ധർമ്മസ്ഥലയിൽ ഇറങ്ങിയ ഉടൻ ഹെലികോപ്റ്റർ പരിശോധിക്കാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.
മേയ് 10-ന് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ട്.
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മാർച്ച് 31 ന് ചിക്കബല്ലാപുര ജില്ലയിലെ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിച്ചിരുന്നു.
മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം കർണാടകയിൽ കണക്കിൽപ്പെടാത്ത 253 കോടി രൂപയുടെ പണവും സ്വർണവും മദ്യവും മയക്കുമരുന്നും പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.